മലപ്പുറം: പ്രസവശേഷം അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചതിനെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. വണ്ടൂർ എറിയാട് സ്വദേശിനി ഷബ്ന (36) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

ഒക്ടോബർ 3ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവശേഷമാണ് ഷബ്നയ്ക്ക് അമിത രക്തസ്രാവമുണ്ടായത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട്.

വണ്ടൂരിലെ ആശുപത്രിയുടെ ഭാഗത്ത് ചികിത്സാപിഴവ് ഉണ്ടായെന്നാരോപിച്ചാണ് ബന്ധുക്കളും നാട്ടുകാരും ചൊവ്വാഴ്ച ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ ചിലർ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി.

സ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധക്കാരെ ആശുപത്രി ഗേറ്റിന് പുറത്തേക്ക് മാറ്റി. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായതായും റിപ്പോർട്ടുണ്ട്.

തുടർന്ന് ജനപ്രതിനിധികളുടെ ഇടപെടലിൽ ആശുപത്രി അധികൃതരും മരിച്ച യുവതിയുടെ കുടുംബാംഗങ്ങളും പൊലീസിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി. ചർച്ചയ്ക്ക് പിന്നാലെ പ്രതിഷേധം അവസാനിപ്പിച്ചു.