തിരുവനന്തപുരം: കിടപ്പുരോഗികള്‍, മരണാസന്നര്‍, വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം ദുരിതം അനുഭവിക്കുന്നവര്‍ എന്നിവര്‍ക്കായി ദീര്‍ഘകാലത്തേക്ക് സൗജന്യ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കെയര്‍ നല്‍കുന്ന സൗജന്യ പാലിയേറ്റീവ് ആശുപത്രിയാണ് ശാന്തിഭവന്‍. നിലവില്‍ തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറയിലും തൃശൂര്‍ ജില്ലയിലെ പല്ലിശ്ശേരിയിലും രണ്ടു സൗജന്യ പാലിയേറ്റീവ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വട്ടപ്പാറയില്‍ 2022 മുതല്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം, പള്ളിവിള ജംഗ്ഷനില്‍ കരകുളം പഞ്ചായത്ത് മാര്‍ക്കറ്റിന് എതിര്‍വശത്തുള്ള കെട്ടിടത്തിലേക്ക് മാറ്റുകയാണ്. കിടപ്പുരോഗികള്‍ക്കും ഡയാലിസിസ് ചെയ്യുന്നവര്‍ക്കും കൂടുതല്‍ എളുപ്പത്തില്‍ എത്തിച്ചേരുന്നതിനും തികരിച്ചുപോകുന്നതിനും വേണ്ടിയാണ്, ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റുന്നത്.

നാളെ (2026 ഒക്ടോബര്‍ 7 - ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 3.30 ന് നെയ്യാറ്റിന്‍കര ബിഷപ്പ് റവ. ഡോ. D സെല്‍വരാജന്‍ ആശീര്‍വ്വാദ കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് വൈകീട്ട് 4 മണിക്ക്, നെയ്യാറ്റിന്‍കര ബിഷപ്പ് റവ. ഡോ. D സെല്‍വരാജന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, ആരോഗ്യ - ദേവസ്വം വകുപ്പു മന്ത്രി കെ. മുരളീധരന്‍ ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കും. കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള സൗജന്യ ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫും 24 x 7 സൗജന്യ പാലിയേറ്റീവ് എമര്‍ജന്‍സി ഹോം കെയറിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പുമന്ത്രി കെ. എ. തുളസിയും നിര്‍വ്വഹിക്കും. സൗജന്യ ഫിസിയോതറൊപ്പി പദ്ധതിയുടെ ഉദ്ഘാടനം എക്സൈസ് വകുപ്പു മന്ത്രി എം. ലിജുവാണ് നിര്‍വ്വഹിക്കുന്നത്. സൗജന്യ ഡയാലിസിസ് പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പുമന്ത്രി മോന്‍സ് ജോസഫും നിര്‍വ്വഹിക്കും. നെടുമങ്ങാട് എം.എല്‍.എയും മുന്‍മന്ത്രിയുമായ ജി. ആര്‍. അനില്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍കേന്ദ്രമന്ത്രിയും കഴക്കൂട്ടം എംഎല്‍എയുമായ വി. മുരളീധരന്‍ വിശിഷ്ടാതിഥിയായിരിക്കും. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സി.ഇ.ഒയും ട്രസ്റ്റിയുമായ റവ.ഫാ. ജോയ് കൂത്തൂര്‍ ആമുഖ പ്രഭാഷണവും, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റിഷിന്‍ സുമന്‍ പദ്ധതി അവതരണവും നടത്തും.

ചടങ്ങില്‍ ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ കോ ഫൗണ്ടറും FSC സന്യാസ സമൂഹത്തിന്റെ മദര്‍ ജനറലുമായ റവ. സിസ്റ്റര്‍ മരിയ ക്യാര കള്ളിയത്തുപറമ്പില്‍ FSC യുടെ സാന്നിദ്ധ്യമുണ്ടായിരിക്കും.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി,

നെടുമങ്ങാട് ക്രൈസ്റ്റ് ദ കിംഗ് ചര്‍ച്ച് ഫൊറോന വികാരി .റവ. ഫാ. ഷാജ് കുമാര്‍, എപ്പിസ്കോപ്പൽ വികാരിയും വട്ടപ്പാറ സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്‌സ് ചര്‍ച്ച് വികാരിയുമായ മോൺ. ജോസ് റാഫേല്‍, വട്ടപ്പാറ വെല്‍ഫെയര്‍ കോ - ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കല്ലയം സുകു, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . വൈജുകുമാര്‍ ആര്‍, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത്കുമാര്‍ സി, മുട്ടട ഹോളിക്രോസ വികാരി റവ.ഫാ. പോള്‍ പഴങ്ങാട്ട് CssR, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. പ്രീത,ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതി എസ്.കെ, ഗ്രാമപഞ്ചായത്ത് അംഗം വട്ടപ്പാറ ഓമന, തുടങ്ങിയവര്‍ ആശംസകള്‍ നേരും. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ തിരുവനന്തപുരം ചീഫ് കോര്‍ഡിനേറ്റര്‍ റവ. സിസ്റ്റര്‍ റീന തെരേസ് FSC നന്ദി പറയും.