തിരുവനന്തപുരം:

പ്രിയദർശിനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയിട്ടുള്ള മൂന്നാമത് പ്രിയദർശിനി സാഹിത്യ പുരസ്കാരത്തിന് (2026 ) പ്രശസ്ത സാഹിത്യകാരൻ ആനന്ദ് അർഹനായി. കെപിസിയുടെ പ്രസിദ്ധീകരണ വിഭാഗമാണ് പ്രിയദർശിനി.

മലയാള ഭാഷക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് ആനന്ദിനെ ഈ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി ഡി ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. പഴകുളം മധു എം എൽ എയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

മലയാള നോവൽ, ചെറുകഥാ രംഗങ്ങളിൽ വേറിട്ട പ്രമേയങ്ങളും ദാർശനിക ചിന്തകളും അവതരിപ്പിച്ച് സാഹിത്യ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് ആനന്ദ് എന്ന് അഡ്വ. പഴയുളം മധു എം. എൽ.എ പറഞ്ഞു.

'ആൾക്കൂട്ടം' എന്ന നോവലിലൂടെ 1970-ൽ മലയാളസാഹിത്യത്തിലേക്ക് പ്രവേശിച്ച ആനന്ദ് എന്ന പി സച്ചിദാനന്ദൻ കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി സാഹിത്യത്തിൽ കെടാതെ നിൽക്കുന്ന വിളക്കാണ്. നോവൽ, കഥാനാടകം, ബൗദ്ധികതയും കലയും ആശയചർച്ചയും സാഹിത്യവും എല്ലാം ആ എഴുത്തിൽ സംയോജിച്ചു. പ്രജ്ഞയും വികാരവും അതിൽ വിരുദ്ധമായിനിന്നില്ല. പ്രത്യയശാസ്ത്രങ്ങൾ ഓതിത്തരുന്ന ഉത്തരങ്ങളിലൊന്നും തൃപ്തനാകാതെ ചോദ്യങ്ങളും സംശയങ്ങളുമായി അദ്ദേഹം മുന്നോട്ടുപോയി. നോവലും കഥയും കവിതയും ലേഖനങ്ങളുമായി അമ്പതിലധികം പുസ്തകങ്ങൾ അദ്ദേഹം എഴുതിക്കഴിഞ്ഞു. സ്വാതന്ത്ര്യവും നീതിയുമാണ് അദ്ദേഹം എവിടെയും തേടിയത്. ഇന്ത്യയുടെയും ലോകത്തിന്റെയും തിളയ്ക്കുന്ന വർത്തമാനത്തോട് അദ്ദേഹം സംവദിച്ചു-പുരസ്കാര സമിതി വിലയിരുത്തി.

ഒക്ടോബർ അവസാന ആഴ്ച ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് അഡ്വ. പഴകുളം മധു എം എൽ.എ അറിയിച്ചു.

പ്രമുഖ സാഹിത്യ കാരൻ കെ സി നാരായണൻ ചെയർമാനും ഇ. സന്തോഷ്‌കുമാർ, സുധ മേനോൻ എന്നിവരടങ്ങിയ സമിതി ആണ് പുരസ്കാര നിർണയം നടത്തിയത്.

മുൻ വർഷങ്ങളിൽ കഥാകൃത്ത് ടി. . പത്മനാഭനും പത്മശ്രീ എം. ലീലാവതിയുമായിരുന്നു പുരസ്കാര ജേതാക്കൾ.ഇരുവർക്കു അവാർഡ് സമ്മാനിച്ചത് രാഹുൽ ഗാന്ധിയാണ്.

പ്രിയദർശിനി പബ്ലിക്കേഷൻസ് സെക്രട്ടറി ബിന്നി സാഹിതിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.