തിരുവനന്തപുരം: ആകാശത്ത് മരണമുഖത്തുനിന്നും 175-ലധികം മനുഷ്യജീവനുകളെ തിരികെപ്പിടിച്ച ധീരനായ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർക്ക് (Captain Smit Machchhar) ചരിത്രപരമായ ആദരമൊരുക്കി ഇന്ത്യൻ തപാൽ വകുപ്പ്. 2026 ഒക്ടോബർ 9-ന് ലോക തപാൽ ദിനവും ദേശീയ തപാൽ വാരാചരണവും (National Postal Week 2026) ആരംഭിക്കുന്നതിന്റെ ഭാഗമായി കേരള പോസ്റ്റൽ സർക്കിൾ അദ്ദേഹത്തിന്റെ അസാധാരണ ധീരതയ്ക്ക് സമർപ്പിച്ചുകൊണ്ട് ഔദ്യോഗിക 'പ്രത്യേക തപാൽ കവർ' (Special Postal Cover) പുറത്തിറക്കി.
"Saluting Exceptional Valor and Selfless Devotion to Duty" (അസാധാരണമായ വീര്യത്തിനും നിസ്വാർത്ഥമായ കടമയ്ക്കും പ്രണാമം) എന്ന ആപ്തവാക്യത്തോടെയാണ് തപാൽ വകുപ്പ് ഈ ചരിത്ര നേട്ടത്തെ അടയാളപ്പെടുത്തുന്ന ഫിലാറ്റലിക് കവർ പുറത്തിറക്കുന്നത്.
തിരുവനന്തപുരം നഗരസഭാ മേയർ അഡ്വ. വി.വി. രാജേഷ്, കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ (CPMG) അമിതാഭ് സിംഗ് ഐ.പി.ഒ.എസ് എന്നിവർ ചേർന്ന് പ്രത്യേക കവറിന്റെ പ്രകാശനം നിർവ്വഹിക്കും.
മരണമുഖത്ത് പതറാത്ത ധീരത; 175-ലധികം പേർക്ക് പുതുജീവിതം സമ്മാനിച്ച പൈലറ്റ്
ഫ്ളൈദുബായ് വിമാനത്തിൽ (Flydubai Flight FZ1073) വെച്ച് ഉണ്ടായ അത്യന്തം അപകടകരമായ അടിയന്തര സാഹചര്യത്തിലാണ് ക്യാപ്റ്റൻ സ്മിത് മച്ചാർ സമാനതകളില്ലാത്ത മനസ്സാന്നിധ്യം പുറത്തെടുത്തത്.
കൊക്ക്പിറ്റിനുള്ളിൽ വെച്ച് കടുത്ത ആക്രമണവും ഗുരുതരമായ പരിക്കും ഏൽക്കേണ്ടിവന്നിട്ടും സ്വന്തം ജീവൻ പണയം വെച്ച് അദ്ദേഹം നടത്തിയ സമയോചിതമായ ഇടപെടലാണ് വൻ വിമാന ദുരന്തം ഒഴിവാക്കിയത്.
വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുന്ന നിർണ്ണായക നിമിഷത്തിൽ, ചോരയൊലിക്കുന്ന അവസ്ഥയിലും കൊക്ക്പിറ്റ് വാതിൽ തുറന്ന് നൽകി യാത്രക്കാരുടെയും മറ്റ് ജീവനക്കാരുടെയും സഹായത്തോടെ വിമാനം സൗദി അറേബ്യയിൽ സുരക്ഷിതമായി അടിയന്തര ലാൻഡിംഗ് നടത്താൻ അദ്ദേഹത്തിന് സാധിച്ചു.
ശുചിത്വ മിത്രങ്ങൾക്കും ആദരം; ഒപ്പം 'അഷ്വേർഡ് നെക്സ്റ്റ് ഡേ ഡെലിവറി' (ANDD)
ക്യാപ്റ്റൻ സ്മിത് മച്ചാർക്ക് നൽകിയ ആദരവിന് പുറമെ, പൊതുജനസേവന രംഗത്ത് ശ്രദ്ധേയമായ മറ്റ് നിരവധി നിർണ്ണായക പ്രഖ്യാപനങ്ങളും കേരള പോസ്റ്റൽ സർക്കിൾ ഇതോടൊപ്പം പുറത്തിറക്കും.
ശുചിത്വ മിത്രങ്ങൾക്ക് പ്രത്യേക കവർ: 'സ്വച്ഛതാ ഹി സേവ 2026' കാമ്പയിന്റെ ഭാഗമായി സമൂഹത്തിന്റെ ശുചിത്വവും ആരോഗ്യവും കാത്തുസൂക്ഷിക്കാൻ അഹോരാത്രം പണിയെടുക്കുന്ന ശുചീകരണ തൊഴിലാളികളായ 'ശുചിത്വ മിത്ര'ങ്ങളെ (Safai Mitras) ആദരിച്ചുകൊണ്ടുള്ള മറ്റൊരു പ്രത്യേക തപാൽ കവറും ചടങ്ങിൽ പ്രകാശനം ചെയ്തു.
അടുത്ത ദിവസം തന്നെ സ്പീഡ് പോസ്റ്റ് (ANDD): കേരളത്തിലെ ആറ് മുൻസിപ്പൽ കോർപ്പറേഷനുകൾക്കിടയിൽ അയക്കുന്ന സ്പീഡ് പോസ്റ്റ് രേഖകളും പാഴ്സലുകളും തൊട്ടടുത്ത ദിവസം തന്നെ (D+1) ഉറപ്പായി എത്തിക്കുന്ന 'അഷ്വേർഡ് നെക്സ്റ്റ് ഡേ ഡെലിവറി' (Assured Next Day Delivery - ANDD) സേവനത്തിനും തുടക്കം കുറിച്ചു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭകളിലെ പോസ്റ്റ് ഓഫീസുകൾക്കിടയിലാണ് ഈ ഉറപ്പുള്ള സേവനം ലഭ്യമാകുക.
റോഡ് ഗതാഗതം ശക്തിപ്പെടുത്തി: തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള റൂട്ടിൽ തപാൽ വകുപ്പ് നേരിട്ട് വിപുലീകരിച്ച റോഡ് ട്രാൻസ്പോർട്ട് ശൃംഖല വഴി പാഴ്സലുകളുടെ യാത്രാ സമയം ഗണ്യമായി കുറച്ചാണ് ഈ അടുത്ത ദിവസത്തെ ഡെലിവറി സാധ്യമാക്കുന്നത്.
ദേശീയ തപാൽ വാരം 2026: വരാനിരിക്കുന്ന പ്രധാന സേവനങ്ങൾ
ഒക്ടോബർ 15 വരെ നീളുന്ന തപാൽ വാരാചരണത്തിൽ ജനകേന്ദ്രീകൃതമായ ഒട്ടേറെ വികസന പദ്ധതികളാണ് കേരള സർക്കിൾ മുന്നോട്ട് വെക്കുന്നത്:
ഫിലാറ്റലി & സ്പർശ് സ്കോളർഷിപ്പ് (ഒക്ടോബർ 12): ദീൻ ദയാൽ 'സ്പർശ്' (SPARSH) സ്കോളർഷിപ്പ് പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന 40 മിടുക്കരായ സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിവർഷം ₹6,000 രൂപ വീതം ഫിലാറ്റലി സ്കോളർഷിപ്പ് നൽകുന്നു. ഒപ്പം പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഒക്ടോബർ 31 വരെ 'ധാ അഖർ' കത്തെഴുത്ത് മത്സരവും നടക്കും.
ബാങ്കിംഗ് & സുരക്ഷിത ഗ്രാമം (ഒക്ടോബർ 13): ശാഖാ പോസ്റ്റ് ഓഫീസുകളിൽ ബയോമെട്രിക് ഇ-കെവൈസി (e-KYC) വഴി ₹50,000 വരെയുള്ള നിക്ഷേപങ്ങളും ₹20,000 വരെയുള്ള പിൻവലിക്കലുകളും ലഭ്യമാക്കി. ഗ്രാമീണ മേഖലകളിൽ 100% ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനുള്ള 'സുരക്ഷിത ഗ്രാമം' പദ്ധതിയും സജീവമാണ്. പോസ്റ്റ് ഓഫീസിലോ മറ്റേതെങ്കിലും ബാങ്കിലോ അക്കൗണ്ടുള്ള ആർക്കും ഇപ്പോൾ RPLI ഇൻഷുറൻസ് എടുക്കാം. 7 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് ആധാർ ബയോമെട്രിക് അപ്‌ഡേഷനും പോസ്റ്റ് ഓഫീസുകളിൽ പൂർണ്ണമായും സൗജന്യമാണ്.
ഗ്രീൻ എക്സ്പ്രസും കുടുംബശ്രീ ടൈ-അപ്പും (ഒക്ടോബർ 14): ജീവനുള്ള ചെടികൾ 1-2 ദിവസത്തിനകം മുൻഗണനാ ക്രമത്തിൽ അയക്കാൻ 'ഗ്രീൻ എക്സ്പ്രസ്', 24 മണിക്കൂറും പാഴ്സൽ കളക്ട് ചെയ്യാൻ 'പിക്ക് പോസ്റ്റ് എക്സ്പ്രസ്', കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് അന്നുതന്നെ ഡെലിവറി നടത്തുന്ന 'ക്യാപിറ്റൽ എക്സ്പ്രസ്' എന്നിവയും തപാൽ വകുപ്പിന്റെ കരുത്തായി മാറി. കുടുംബശ്രീയുടെ 'പോക്കറ്റ്മാർട്ട്' ആപ്പ് വഴിയുള്ള ഓർഡറുകൾ വീട്ടുപടിക്കൽ എത്തിക്കാനും തപാൽ വകുപ്പ് കൈകോർക്കുന്നു.
രാജ്യത്തെ കാത്ത ധീര പൈലറ്റിനുള്ള അർഹമായ ആദരവിനൊപ്പം, ആധുനിക സാങ്കേതികവിദ്യയുടെ കരുത്തോടെ സാധാരണക്കാരിലേക്ക് വേഗത്തിൽ സേവനങ്ങളെത്തിക്കുന്ന വലിയൊരു ചുവടുവെപ്പാണ് തപാൽ വകുപ്പ് ഇതിലൂടെ നടത്തിയിരിക്കുന്നത്.