തിരുവനന്തപുരം: ശനിയാഴ്ച രാജി വെച്ചുവെന്ന് പ്രഖ്യാപിക്കുകയും ഞായറാഴ്ച രാജി പിൻവലിക്കുകയും ചെയ്ത വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ബിജെപി കൗൺസിലർ ആർ ശ്രീലേഖ. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം മുൻ ഡി ജി പി കൂടിയായ ആർ ശ്രീലേഖ രാജി വെച്ചത്. ഒരു സീറ്റിന്റെ ബലത്തിൽ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിക്ക് ശ്രീലേഖയുടെ രാജി കടുത്ത പ്രതിസന്ധിയുണ്ടാക്കി. ഇതേതുടർന്ന് ബിജെപി നേതൃത്വം ഇടപെട്ട് അവരെ അനുനയിപ്പിച്ച് രാജി പിന്‍വലിപ്പിക്കുകയായിരുന്നു. വ്യക്തിപരമാണ് രാജിയെന്നായിരുന്നു വിശദീകരണം. രാജി തീരുമാനം പിൻവലിച്ചതോടെ ശാസ്തമംഗലം കൗൺസിലർ എന്ന ഗ്രൂപ്പിൽ നിന്ന് രാജി സന്ദേശം ഡിലീറ്റും ചെയ്തു.

ഇതിനുപിന്നാലെയാണ് ഇന്ന് (വ്യാഴാഴ്ച) രാജി വിഷയത്തിൽ പുതിയ വിശദീകരണവുമായി അവർ രംഗത്തുവന്നത്. "ഒക്ടോബർ 11 വരെ (ഞായറാഴ്ച) വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ" എന്ന പോസ്റ്റാണ് അവർ ഫേസ്ബുക്കിൽ കുറിച്ചത്. രാജി വിഷയത്തിൽ വിശദമായി കുറച്ചുകാര്യങ്ങൾ പറയാനുണ്ടെന്നും 11ന് ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറാണെന്നുമാണ് പോസ്റ്റ്.

ആര്‍ ശ്രീലേഖയുടെ രാജിയും പിന്നാലെ പിൻവലിക്കലും ബിജെപിയെ ആകെ പരിഹാസ്യമാക്കിയിരുന്നു. മറ്റു ചില ഓഫാറുകൾ വന്നതുകൊണ്ടാണ് രാജി തീരുമാനത്തിൽ നിന്നും മുൻ ഡി ജി പി പിന്നോക്കം പോയതെന്ന തരത്തിലുള്ള ചർച്ചകളും സജീവമാണ്.