തിരുവനന്തപുരം: നട്ടെല്ല് വൈകല്യബാധിതര്‍ക്ക് ചികിത്സാ പിന്തുണയുമായി സ്‌കോളികെയര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങി. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സ്ഥാപകന്‍ ഗോകുലം ഗോപാലന്‍ സ്‌കോളികെയര്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ലില്ലി രാജീവന്‍ അധ്യക്ഷത വഹിച്ചു.
നട്ടെല്ല് വൈകല്യ ബാധിതര്‍ക്ക് ചികിത്സയും പ്രതീക്ഷയും ആത്മവിശ്വാസവും പകരാന്‍ ലക്ഷ്യമിട്ടാണ് സ്‌കോളികെയര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. ചികിത്സാ ചെലവ് താങ്ങാനാകാത്ത രോഗികള്‍ക്ക് ആവശ്യമായ ചികിത്സ, തിരുത്തല്‍ ശസ്ത്രക്രിയ, ഇംപ്ലാന്റുകള്‍, ആശുപത്രി പരിചരണം, പുനരധിവാസം, തുടര്‍ചികിത്സ എന്നിവ സാധ്യമാക്കി ആത്മവിശ്വാസത്തോടെ സമൂഹത്തില്‍ ജീവിക്കാന്‍ അവരെ പ്രാപ്തരാക്കാനാണ് ഫൗണ്ടേഷന്‍ പരിശ്രമിക്കുന്നത്.
സമയബന്ധിതമായ ചികിത്സകള്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള സങ്കീര്‍ണതകള്‍ കുറയ്ക്കും. അതിന് ചികിത്സാ ചെലവ് ഭീഷണിയാകാതെ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാനാണ് സ്‌കോളികെയര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ രോഗബാധിതരായ കുട്ടികള്‍ക്ക് പഠനം തുടരാനും യുവാക്കള്‍ക്ക് സ്വപ്‌നങ്ങള്‍ പിന്തുടരാനും കുടുംബങ്ങള്‍ക്ക് പ്രതീക്ഷയോടെ മുന്നോട്ട് പോകാനും സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നട്ടെല്ല് വൈകല്യങ്ങള്‍ നിമിത്തം വേദനയനുഭവിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങാകാനാണ് സ്‌കോളികെയര്‍ ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷയായിരുന്ന ഫൗണ്ടേഷന്‍ അംഗം കൂടിയായ ഡോ. ലില്ലി രാജീവന്‍ പറഞ്ഞു. ഇതിലൂടെ ധാരാളം ആളുകള്‍ക്ക് മികച്ച പരിചരണം ലഭിക്കുകയും അവരിലൂടെ ഈ ഫൗണ്ടേഷന്റെ ഖ്യാതി ലോകം മുഴുവന്‍ പടര്‍ന്നു പന്തലിക്കുകയും ചെയ്യട്ടെയെന്ന് അവര്‍ പറഞ്ഞു.
സ്‌കോളിയോസിസ്, കൈഫോസിസ് തുടങ്ങി നട്ടെല്ലിനുണ്ടാകുന്ന വൈകല്യങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സയും പരിചരണവും നല്‍കുന്നതിലൂടെ രോഗികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് സ്‌കോളികെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. സുരേഷ് എസ് പിള്ള സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. നട്ടെല്ല് വൈകല്യമുള്ളവര്‍ക്ക് ആത്മവിശ്വാസത്തോടെ സമൂഹത്തില്‍ ജീവിക്കാന്‍ സമൂഹം തന്നെ ഒരുക്കുന്ന കൂട്ടായ്മയാണ് ഈ ഫൗണ്ടേഷന്‍. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും രൂപമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അര്‍ഹിക്കുന്ന ആളുകളിലേക്ക് ഫൗണ്ടേഷന്റെ സേവനം എത്തിച്ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ സ്‌കോളികെയര്‍ ഫൗണ്ടേഷന്റെ ലോഗോ പ്രകാശനം ചെയ്തു.
നട്ടെല്ല് സംബന്ധമായ രോഗത്താല്‍ അനേക വര്‍ഷങ്ങള്‍ വേദനിച്ച് ജീവിക്കേണ്ടി വരുന്നവര്‍ക്ക് ചികിത്സയും പിന്തുണയും നല്‍കാനുള്ള ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് സ്‌കോളികെയര്‍ ഫൗണ്ടേഷന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ ഡോ. കെ. കെ മനോജന്‍ പറഞ്ഞു.
നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍ നിമിത്തം ജീവിതം വെല്ലുവിളിയായി തീര്‍ന്നവര്‍ക്ക് സുഗമമായ ജീവിതം സാധ്യമാക്കുക എന്നത് മഹത്തായ കാര്യമാണെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന മുന്‍ ഡിജിപി ഡോ. സിബി മാത്യൂസ് പറഞ്ഞു. സ്‌കോളികെയര്‍ ഫൗണ്ടേഷനിലൂടെ അനേകമാളുകള്‍ക്ക് തങ്ങളുടെ ജീവിതം തിരിച്ചുപിടിക്കാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
മികച്ച ചികിത്സാ സംവിധാനങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ഇത്തരം ആളുകളുടെ ജീവിത നിലവാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുമെന്ന് വിശിഷ്ടാതിഥിയായിരുന്ന സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ള പരിമിതികള്‍ നികത്തുന്നതിന് ഇത്തരം സ്വകാര്യ കൂട്ടായ്മകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കോളികെയര്‍ ഫൗണ്ടേഷന് ഭാവിയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ സാമൂഹ്യനീതി വകുപ്പുമായി സഹകരിക്കാനുളള അവസരം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കടയ്ക്കല്‍ കിസ്മത്ത് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ എസ്. വിക്രമന്‍, സാമൂഹ്യ പ്രവര്‍ത്തകനായ അനില്‍ ആഴാവീട്, കിളിമാനൂര്‍ ആര്‍ആര്‍വി ബിവിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ നിസാം പി എന്നിവര്‍ പ്രസംഗിച്ചു. ഫൗണ്ടേഷന്‍ അംഗവും ദയ ചാരിറ്റി ട്രസ്റ്റ് സെക്രട്ടറിയുമായ മുഹമ്മദ് ഷിബു എസ് ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.