ദുബായ്: യുഎഇയിലെ പ്രവാസികൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഷെയേർഡ് അക്കോമഡേഷൻ (മുറി പങ്കിട്ടുള്ള താമസം, ബെഡ് സ്പേസ് സംവിധാനങ്ങൾ) നിയന്ത്രിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ദുബായ് മുനിസിപ്പാലിറ്റി. എമിറേറ്റിൽ ഷെയേർഡ് ഹൗസിംഗ് മാനേജ്‌മെന്റും താമസവും ക്രമീകരിക്കുന്ന 2026-ലെ നിയമം നമ്പർ 4 (Law No 4 for 2026) പ്രാബല്യത്തിൽ വന്നതിന്റെ ഭാഗമായി കെട്ടിട ഉടമകൾക്കും മാനേജ്‌മെന്റ് കമ്പനികൾക്കും കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും 10 കർശന ഉപാധികൾ ബാധകമാക്കി അധികൃതർ ഉത്തരവിറക്കി.

നിയമം ലംഘിച്ച് അനധികൃതമായി ഷെയറിംഗ് താമസസൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 5 ലക്ഷം ദിർഹം (Dhs 500,000) വരെയാണ് പ്രാഥമിക പിഴ. ഒരു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാക്കി 10 ലക്ഷം ദിർഹം (ഏകദേശം 2.27 കോടിയിലധികം ഇന്ത്യൻ രൂപ) വരെയായി ഉയർത്തും.

പിഴ ഈടാക്കുന്നതിന് പുറമെ നിയമലംഘകരെ കാത്തിരിക്കുന്നത് അതികഠിനമായ ഭരണ-നിയമ നടപടികളാണ്. ചട്ടലംഘനം പരിഹരിക്കുന്നതുവരെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഫ്ലാറ്റുകളിലേക്കും വില്ലകളിലേക്കുമുള്ള വൈദ്യുതി, ജലം തുടങ്ങിയ പൊതുസേവനങ്ങൾ (Public Utility Services) ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് വിച്ഛേദിക്കും.നിയമലംഘനം നടത്തുന്ന റിയൽ എസ്റ്റേറ്റ്, സബ്‌ലെറ്റിംഗ് ഏജൻസികളുടെ പ്രവർത്തനങ്ങൾ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും; ഗുരുതര വീഴ്ചകളിൽ കൊമേഴ്‌സ്യൽ ലൈസൻസുകളും പെർമിറ്റുകളും പൂർണ്ണമായി റദ്ദാക്കും.

അനധികൃത ഫ്ലാറ്റുകൾ ദുബായ് റെന്റൽ ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് സെന്ററിലെ (RDSC) എക്സിക്യൂഷൻ ജഡ്ജിയുടെ നേരിട്ടുള്ള ഉത്തരവ് പ്രകാരം അടിയന്തരമായി ഒഴിപ്പിക്കും. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി നിലവിലെ കെട്ടിട ഉടമകൾക്കും സ്ഥാപനങ്ങൾക്കും ഒരു വർഷത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. എന്നാൽ കെട്ടിടത്തിന്റെ ഘടന മാറ്റുകയോ (Construction violations), അനധികൃതമായി വാണിജ്യ-താമസ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ (Change-of-use) ചെയ്ത കുറ്റങ്ങൾക്ക് ഈ ഇളവ് ബാധകമല്ല; അവ ഉടനടി പൊളിച്ചുമാറ്റേണ്ടി വരും.

ബാച്ചിലേഴ്സിനെയും കുടുംബങ്ങളെയും ഒന്നിച്ച് താമസിപ്പിക്കാൻ പാടില്ല!

മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച പുതിയ മാർഗ്ഗരേഖയിൽ താമസക്കാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മിക്സിംഗ് പൂർണ്ണമായി നിരോധിച്ചു: ഷെയേർഡ് ഹൗസിംഗിനായി മാറ്റിവെച്ചിരിക്കുന്ന ഒരു വില്ലയിലോ ഫ്ലാറ്റിലോ ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമേ താമസിപ്പിക്കാവൂ. കുടുംബങ്ങളെയോ (Families) അല്ലെങ്കിൽ വ്യക്തികളെയോ (Individuals/Bachelors) മാത്രമായി വേർതിരിച്ച് പാർപ്പിക്കണം; ഇവരെ ഒന്നിച്ച് ഒരു കെട്ടിടത്തിൽ താമസിപ്പിക്കുന്നത് പൂർണ്ണമായി നിരോധിച്ചു.

ബെഡ്‌റൂമുകളിൽ ഓരോ താമസക്കാരനും ചുരുങ്ങിയത് 5 ചതുരശ്ര മീറ്റർ (5 sq. metres) വിസ്തീർണ്ണം നിർബന്ധമായും ഉറപ്പാക്കണം. ആളുകളുടെ എണ്ണത്തിന് ആനുപാതികമായി അടുക്കള, ബാത്ത്റൂം തുടങ്ങിയ പൊതു സൗകര്യങ്ങൾ സജ്ജീകരിക്കണം. കെട്ടിടത്തിലെ ആകെ താമസക്കാരുടെ എണ്ണത്തിന്റെ 10 ശതമാനത്തിൽ കുറയാത്ത സൈക്കിൾ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണം. മിനിബസുകൾ ആളുകളെ ഇറക്കാനും കയറ്റാനുമുള്ള സ്ഥലങ്ങൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി (RTA) ആലോചിച്ച് ക്രമീകരിക്കണം.

ശൈഖ് സായിദ്, ജുമൈറ റോഡുകളിൽ വിലക്ക്; അപേക്ഷകൾ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി

നഗരത്തിന്റെ സൗന്ദര്യവും ടൂറിസം പ്രാധാന്യവും കണക്കിലെടുത്ത് ചില പ്രധാന ഹൈവേകൾക്കും തെരുവുകൾക്കും പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഷെയ്ഖ് സായിദ് റോഡ് (Sheikh Zayed), ജുമൈറ (Jumeirah), അൽ വാസൽ (Al Wasl), ബനിയാസ് (Bani Yas) തുടങ്ങിയ പ്രധാന വാണിജ്യ-വിനോദസഞ്ചാര പാതകളിൽ വ്യക്തികൾക്കായി (Bachelors) ഷെയറിംഗ് താമസം അനുവദിക്കില്ല. ഇത്തരം റോഡുകളിൽ കുടുംബങ്ങൾക്ക് മാത്രമായുള്ള ഷെയേർഡ് ഹൗസിംഗ് മാത്രമേ അനുവദിക്കൂ. കെട്ടിട ഉടമകൾ ഷെയേർഡ് ഹൗസിംഗ് പെർമിറ്റിനായി "ദുബായ് ബിൽഡിംഗ് പ്ലാറ്റ്‌ഫോം" (Dubai Building Platform) വഴി ഓൺലൈനായി അപേക്ഷിക്കുകയും അനുമതി നേടുകയും വേണം.

പുതിയ നിയമവുമായി ബന്ധപ്പെട്ട വാടക തർക്കങ്ങളും പരാതികളും വിചാരണ ചെയ്യുന്നതിനുള്ള പൂർണ്ണ ചുമതല റെന്റൽ ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് സെന്ററിനായിരിക്കും (RDSC). ജനസാന്ദ്രത നിയന്ത്രിക്കാനും, അനധികൃത പാർപ്പിടങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും, എമിറേറ്റിന്റെ ഉയർന്ന ജീവിതനിലവാരം സംരക്ഷിക്കാനും ഈ നിയമം വഴി സാധിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.