കുവൈത്ത് സിറ്റി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഹവല്ലി ഗവർണറേറ്റിൽ 23 സ്ഥാപനങ്ങൾ ഭരണപരമായി അടച്ചുപൂട്ടി. 69 സ്ഥാപനങ്ങൾക്കെതിരെ നിയമലംഘന കേസുകളും രജിസ്റ്റർ ചെയ്തു.

ജനറൽ ഫയർഫോഴ്സ് അധികൃതർ നടത്തിയ പരിശോധനയിലാണ് സുരക്ഷാ മുൻകരുതലുകളിലെ വീഴ്ചകൾ കണ്ടെത്തിയത്. സ്ഥാപനങ്ങളിൽ ആവശ്യമായ അഗ്നിസുരക്ഷാ സംവിധാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധനയിൽ വിലയിരുത്തി.

നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാണിജ്യ സ്ഥാപനങ്ങളിലെ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരുമെന്നും ഫയർഫോഴ്സ് വ്യക്തമാക്കി.