ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതി തെരഞ്ഞെടുപ്പിൽ വൻ അട്ടിമറിയും ക്രമക്കേടും. 2026-2027, 2027-2028 കാലയളവിലേക്കുള്ള ഉപദേശകസമിതി തെരഞ്ഞെടുപ്പിലാണ് ക്രമക്കേട് നടത്തിയത്. ഹൈക്കോടതിയുടെ നിർദ്ദേശം പോലും മറികടന്നാണ് ആറന്മുള അസിസ്റ്റന്റ് കമ്മീഷണറും ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ചേർന്ന് അട്ടിമറിക്ക് ചുക്കാൻ പിടിച്ചത്. ദേവസ്വം ബോർഡിന്റെ വ്യാജ സീൽ ഉണ്ടാക്കി പണപ്പിരിവ് നടത്തിയതിന് നടപടി നേരിട്ട മുൻ ഉപദേശകസമിതി ഭാരവാഹിയെ തിരുകിക്കയറ്റാൻ അട്ടിമറി നടത്തിയെന്നാണ് ആരോപണം. ലക്ഷങ്ങളുടെ അഴിമതിയാരോപണം നേരിടുന്ന വ്യക്തിയാണ്bബിജെപി നേതാവ് കൂടിയായ ഉപദേശക സമിതിയംഗം. തെരഞ്ഞെടുപ്പിൽ ചട്ടങ്ങളും സമിതി ബൈലോ നടപടിക്രമങ്ങളും കാറ്റിൽ പറത്തിയെന്നും ആരോപണമുണ്ട്.
അംഗങ്ങളുടെ പട്ടികയിലും അട്ടിമറി നീക്കം
ഉപദേശകസമിതി ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള അംഗങ്ങളുടെ പട്ടിക തയ്യാറാക്കുമ്പോൾ തന്നെ അട്ടിമറി നീക്കം തുടങ്ങി. ഉപദേശകസമിതി അംഗങ്ങളാകാൻ താല്പര്യമുള്ളവരിൽ നിന്നും സെപ്റ്റംബറിൽ അപേക്ഷ ക്ഷണിച്ചു. ഇതനുസരിച്ച് ആകെ 32 പേരാണ് അപേക്ഷിച്ചത്. എന്നാൽ, അധികൃതർ പ്രസിദ്ധീകരിച്ചതാകട്ടെ 169 പേരുടെ പട്ടികയും. വിദേശത്തുള്ളവരും മരിച്ചവരും വരെ അടങ്ങുന്നതായിരുന്നു ഈ പട്ടിക. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം എ ഒ, ക്ഷേത്രത്തിന്റെ ചുമതലയുള്ള ആറന്മുള അസിസ്റ്റന്റ് കമ്മീഷണർ എന്നിവരുടെ താല്പര്യപ്രകാരമായിരുന്നു ഇത്തരമൊരു പട്ടിക ഇറക്കിയത്. പരാതി ഉയർന്നതോടെ ഈ പട്ടിക റദ്ദാക്കി. ഒടുവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറുടെ ഇടപെടലിനെതുടർന്ന് അപേക്ഷിച്ച 32 പേരെ മാത്രം ഉൾപ്പെടുത്തി അന്തിമ പട്ടിക പുറത്തിറക്കി.
ബോർഡ് വിജ്ഞാപനത്തിന് പുല്ലുവില
ദേവസ്വം ബോർഡിന്റെ കീഴിലുള്ള മറ്റു ക്ഷേത്ര ഉപദേശക സമിതിയിൽ അംഗങ്ങൾ ആയവരോ സ്വകാര്യ ക്ഷേത്ര ഉപദേശക സമിതിയിലോ ഭരണസമിതിയിലോ ഉള്ള ആളുകളോ വേറൊരു ക്ഷേത്ര ഉപദേശക സമിതിലേക്ക് മത്സരിക്കാൻ പാടില്ലെന്ന് ദേവസ്വം ബോർഡിന്റെ ഉത്തരവ് നിലവിലുണ്ട്. മാത്രവുമല്ല, നേരത്തെ ഉപദേശക സമിതി അംഗമായിരിക്കെ ആരോപണവിധേയരായവരെ പട്ടികയിൽ ഉൾപ്പെടുത്താൻ പാടില്ലെന്നും കർശന നിർദ്ദേശമുണ്ട്. അംഗങ്ങളായി മത്സരിക്കുന്നവർ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (പി സി സി) ഹാജരാക്കണം. ചെങ്ങന്നൂരിൽ അപേക്ഷിച്ച 32 പേരിൽ 30 പേരാണ് പി സി സി ഹാജരാക്കിയത്. ചെങ്ങന്നൂരിൽ തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേർ നിലവിൽ വണ്ടിമല ക്ഷേത്ര ഭരണസമിതി ഭാരവാഹികളും അംഗങ്ങളുമാണ്. ഇക്കാര്യം അസിസ്റ്റന്റ് കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തങ്ങളുടെ അധികാരം ആണിതെന്ന ധിക്കാരം നിറഞ്ഞ മറുപടിയാണ് നൽകിയതെന്നും ആക്ഷേപമുണ്ട്.
നിലവിൽ ഉപദേശക സമിതി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് ദേവസ്വം ബോർഡിന്റെ വ്യാജ സീൽ ഉപയോഗിച്ച് ലക്ഷങ്ങളുടെ പിരിവ് നടത്തിയ സംഭവത്തിൽ ആരോപണവിധേയനാണ്. 2021-2022, 2022-2023 കാലയളവിൽ ചെങ്ങന്നൂർ ക്ഷേത്ര ഉപദേശക സമിതി ഇയാളെ തന്നെ ഉത്സവ കമ്മിറ്റി കൺവീനർ ആയി നിയോഗിച്ചിരുന്നു. ഈ സമയത്താണ് വ്യാജ സീൽ ഉപയോഗിച്ച് ഭക്തരിൽ നിന്നും വൻ തുക പിരിച്ചത്. പണാപഹരണം നടന്നുവെന്ന ഉപദേശകസമിതിയുടെ പരാതിയിൽ ഹൈക്കോടതി തന്നെ ബിജെപി നേതാവിനെ എല്ലാ സമിതികളിൽ നിന്നും മാറ്റിനിർത്തിയതുമാണ്. ഈ നിർദ്ദേശം നിലനിൽക്കുമ്പോഴാണ് അഴിമതിയാരോപണ വിധേയനെ അസിസ്റ്റന്റ് കമ്മീഷണറും അഡ്മിനിസ്ട്രേറ്റീവ് ചേർന്ന് വീണ്ടും ഉപദേശകസമിതി ഭാരവാഹിയാക്കാൻ വഴിവിട്ട നീക്കം നടത്തിയത്.
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം ഉപദേശക സമിതി തെരഞ്ഞെടുപ്പ് ഇതിനകം വലിയ വിവാദമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയും ക്രമക്കേട് നടത്തുകയും ചെയ്ത സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങുകയാണ് ഭക്തർ. ദേവസ്വം മന്ത്രിക്കും ദേവസ്വം ബോർഡ് പ്രസിഡന്റിനും ഇതിനകം പരാതി അയച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഭക്തർ.