ആലപ്പുഴ :ആലപ്പുഴ ജില്ലയിലെ അടിയന്തര വിത്ത് ആവശ്യം പരിഹരിക്കുന്നതിനായി കൃഷിമന്ത്രി ടി. സിദ്ദിഖിൻ്റെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് കര്‍ണാടക സ്റ്റേറ്റ് സീഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് 300 ടണ്‍ സര്‍ട്ടിഫൈഡ് നെല്‍വിത്ത് ലഭ്യമാക്കി. ഇതോടെ മുണ്ടകന്‍ കൃഷിക്ക് ആവശ്യമായ നെല്‍വിത്ത് കൃഷിഭവനുകള്‍ വഴി കര്‍ഷകര്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കാന്‍ കൃഷിവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു.
മറ്റ് ജില്ലകളില്‍ വിത്ത് ലഭ്യമാക്കുന്നതിനായി പാലക്കാട് ജില്ലയില്‍ 2025-26 മുണ്ടകന്‍ സീസണില്‍ ഉല്‍പ്പാദിപ്പിച്ച സര്‍ട്ടിഫൈഡ് നെല്‍വിത്തിന്റെ സംസ്കരണവും വിതരണവും വേഗത്തിലാക്കി. ഇതിനായി ഒക്ടോബര്‍ 14-ന് കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ യോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്തു.
ഗോഡൗണുകളിലെ സംസ്കരണ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയും ആവശ്യത്തിന് തൊഴിലാളികളെ നിയോഗിച്ചും വിത്ത് സംസ്കരണം വേഗത്തിലാക്കാന്‍ തീരുമാനിച്ചു. സംസ്കരണം പൂര്‍ത്തിയാകുന്ന വിത്ത് വിവിധ ജില്ലകളിലെ ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്യും.
ഒക്ടോബറില്‍ പാലക്കാട് ജില്ലയിലെ നെല്ക്കര്ഷകരുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ വിത്തിന്റെ സംഭരണവും സംസ്കരണവും വിതരണവും ഏകോപിപ്പിച്ച് കര്‍ഷകര്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി വിത്ത് വിതരണ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.മുണ്ടകന്‍ കൃഷി സമയത്ത് ആരംഭിക്കാന്‍ കര്‍ഷകര്‍ക്ക് ആവശ്യമായ ഗുണമേന്മയുള്ള നെല്‍വിത്ത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് കൃഷിമന്ത്രി അറിയിച്ചു.