​ഫരീദാബാദ് :

വഴിവിട്ട ബന്ധത്തിന് തടസ്സമായ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി.

ഹരിയാനയിലെ ഫരീദാബാദിലുള്ള ശ്യാം കോളനിയിൽ ഒക്ടോബർ 14, 15 തീയതികളിലെ അർദ്ധരാത്രിയിലാണ് ക്രൂരമായ ഈ കൊലപാതകം നടന്നത്. ഉത്തർപ്രദേശിലെ ഹാഥ്രസ് സ്വദേശിയായ ഗോപാൽ (35) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഗോപാലിന്റെ ഭാര്യ കാജൽ, ഇവരുടെ കാമുകൻ യോഗേന്ദ്ര എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

​കഴിഞ്ഞ 15 വർഷമായി ഫരീദാബാദിലെ ഫാക്ടറിയിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു ഗോപാൽ.

കാജലും മക്കളും നാട്ടിലായിരുന്നു താമസം. കഴിഞ്ഞ മൂന്ന് വർഷമായി കാജലും സ്വന്തം ഗ്രാമത്തിലുള്ള യോഗേന്ദ്രയും തമ്മിൽ അടുത്ത ബന്ധത്തിലായിരുന്നു. ഇവരുടെ ബന്ധത്തെച്ചൊല്ലി കുടുംബത്തിൽ നിരന്തരം തർക്കങ്ങളും വഴക്കുകളും പതിവായിരുന്നു.

​കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് കാജൽ മക്കളുമൊത്ത് ഫരീദാബാദിൽ എത്തിയത്. കൃത്യം നടന്ന രാത്രി ഗോപാൽ മദ്യപിച്ച് മുറിയിലെത്തി ഉറങ്ങാൻ കിടന്നു.

തുടർന്ന് തൊട്ടടുത്ത മുറിയിൽ കുട്ടികൾ ഉറങ്ങിക്കിടക്കുന്ന സമയത്ത് കാജലും യോഗേന്ദ്രയും ചേർന്ന് ഉറങ്ങിക്കിടന്ന ഗോപാലിന്റെ കഴുത്തിൽ കത്തി ഉപയോഗിച്ച് ആഴത്തിൽ വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

​കൃത്യം നിർവ്വഹിച്ച ശേഷം യോഗേന്ദ്ര അവിടെനിന്ന് രക്ഷപ്പെട്ടു. പിറ്റേന്ന് രാവിലെ കുട്ടികളിൽ ഒരാൾ ഭയന്ന് ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്നാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്.

ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫരീദാബാദ് പല്ല പോലീസ് സ്റ്റേഷൻ പരിധിയിലെ ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചും സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.