തിരുവനന്തപുരം : കേരളത്തിന്റെ കാർഷിക നയം കാലാനുസൃതമായ മാറ്റങ്ങളോടെ പുനഃപരിശോധിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. നിയമസഭയിൽ എംഎൽഎമാരായ ഉഷ വിജയൻ, സനീഷ്‌കുമാർ ജോസഫ്, കെ. ജയന്ത്, ടി. ഒ. മോഹനൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

1992-ൽ രൂപീകരിച്ച കാർഷിക നയം അവസാനമായി പരിഷ്കരിച്ചത് 2015-ലാണ്. തോട്ടഭൂമിയിൽ വൈവിധ്യമാർന്ന വിളകൾ കൃഷി ചെയ്യുന്നതിനും ഫാം ടൂറിസം ഉൾപ്പെടെയുള്ള കാർഷികാധിഷ്ഠിത വ്യവസായങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ഭൂവിനിയോഗ രീതിയിൽ മാറ്റങ്ങൾ ആവശ്യമാണ്.

കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ ജലസംരക്ഷണ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കുക, കാലാവസ്ഥാ പ്രതിരോധ കൃഷിരീതികൾ വ്യാപിപ്പിക്കുക, വിപണന ശൃംഖല ശക്തിപ്പെടുത്തുക എന്നിവയും നയപരിഷ്കരണത്തിൽ പരിഗണിക്കും.

വന്യജീവി ആക്രമണങ്ങളിൽ നിന്ന് കൃഷിയെയും കർഷകരെയും സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, കാർഷിക മേഖലയിൽ സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുക, കേരള ബ്രാൻഡിലൂടെ ദേശീയ-അന്തർദേശീയ വിപണികളിൽ കാർഷിക ഉൽപ്പന്നങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളും കാർഷിക നയം കാലാനുസൃതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.