​മീററ്റ് (ഉത്തർപ്രദേശ്):

ഉത്തർപ്രദേശിലെ മീററ്റിൽ രാജ്യത്തെ ഞെട്ടിച്ച കൊലപാതക കേസിൽ കോടതി വിധി വന്നു. വിവാഹേതര ബന്ധത്തിന് തടസ്സമായതിനെ തുടർന്ന് ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം, മരണം പാമ്പുകടിയേറ്റാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യയ്ക്കും കാമുകനും കോടതി വധശിക്ഷ വിധിച്ചു.

​അമിത് കശ്യപ് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ രവിത, കാമുകൻ അമർദീപ് എന്നിവരെയാണ് മീററ്റ് ജില്ലാ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

കോടതി ഈ കേസിനെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒന്നായാണ് (Rare of the rarest case) പരിഗണിച്ചത്.

​

2025 ഏപ്രിൽ 12-നാണ് അമിത് കശ്യപിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഒരു പാമ്പിനെയും കണ്ടിരുന്നതിനാൽ ബന്ധുക്കളും നാട്ടുകാരും ഇതൊരു സ്വാഭാവിക പാമ്പുകടിയേറ്റുള്ള മരണമാണെന്നാണ് കരുതിയത്.

എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് അമിത് മരിച്ചതെന്ന് വ്യക്തമായതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

​തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാര്യ രവിതയും കാമുകൻ അമർദീപും ചേർന്ന് അമിത്തിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. കൊലപാതകത്തിന് ശേഷം അന്വേഷണത്തെ വഴിതെറ്റിക്കാനായി മൃതദേഹത്തിന് അരികിൽ പാമ്പിനെ കൊണ്ടുപോയിടുകയായിരുന്നു ഇവർ ചെയ്തത്.

പ്രതികളിൽ ഒരാൾക്ക് പാമ്പിനെ എത്തിച്ചു നൽകിയ വ്യക്തിയെ പോലീസ് ചോദ്യം ചെയ്യുകയും പിന്നീട് ഇയാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തിരുന്നു.

​ഈ വർഷം ഒക്ടോബർ 7-ന് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

തുടർന്ന് ഒക്ടോബർ 16-ന് നടന്ന അന്തിമ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചത്.

വീഡിയോ കോൺഫറൻസിങ് വഴിയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.

സമൂഹത്തിൽ വലിയ ചർച്ചയായ ഈ കൊലപാതക കേസിൽ നീതി ലഭിച്ചതിൽ ആശ്വാസമുണ്ടെന്ന് കൊല്ലപ്പെട്ട അമിതിൻ്റെ കുടുംബാംഗങ്ങൾ പ്രതികരിച്ചു.