​നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ നാഗർകോവിലിന് സമീപം തമ്മാത്തുക്കോണം (വി.ഐ.പി ഗാർഡൻ) പ്രദേശത്ത് പ്രമുഖ യുവ യൂട്യൂബറുടെ വീട്ടിൽ നടന്ന വൻ കവർച്ചാ കേസിൽ പ്രതികൾ പിടിയിൽ. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും, അവരിൽ നിന്ന് ഏകദേശം 98 പവനോളം സ്വർണാഭരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

​

​പ്രമുഖ വനിതാ യൂട്യൂബറായ മധുമിതയും കുടുംബവും കഴിഞ്ഞ സെപ്റ്റംബർ 24-ന് വൈകുന്നേരത്തോടെ കുട്ടിയുടെ പിറന്നാൾ ഷോപ്പിംഗിനായി തിരുനെൽവേലിയിലേക്ക് പോയിരുന്നു. അന്ന് രാത്രി വൈകി കുടുംബം തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പൂട്ട് തകർക്കപ്പെട്ട നിലയിൽ കണ്ടത്.

​തുടർന്ന് വീടിന്റെ പിൻഭാഗം പരിശോധിച്ചപ്പോഴാണ് ഗ്യാസ് കട്ടർ ഉപയോഗിച്ച് വാതിൽ അറുത്തുമാറ്റി അകത്തുകടന്ന നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 118 പവനോളം വരുന്ന സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്യപ്പെട്ടതായി വീട്ടുകാർ രാക്കാമംഗലം പൊലീസിൽ പരാതി നൽകുകയായിരുന്നു.

​

​യൂട്യൂബറായ വീട്ടമ്മ തന്റെ വീട്ടിലെ വിശേഷങ്ങളും ജീവിതരീതികളും സ്വർണാഭരണങ്ങളും കാണിച്ച് നിരന്തരം സമൂഹമാധ്യമങ്ങളിൽ റീൽസുകളും വീഡിയോകളും പങ്കുവെക്കാറുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ കണ്ട് മനസ്സിലാക്കിയാണ് പ്രതികൾ കവർച്ചയ്ക്കുള്ള പദ്ധതി തയാറാക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

കുട്ടിയുടെ സ്‌കൂൾ ബാഗിലുണ്ടായിരുന്ന ലോഗോയും പേരും വെച്ചാണ് പ്രതികൾ വീട് കൃത്യമായി അടയാളപ്പെടുത്തിയത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

​

​സംഭവം വലിയ വാർത്തയായതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിക്കപ്പെട്ടു. പ്രദേശത്തെ നൂറിലധികം സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും ഫോൺ കോൾ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്.

​ശ്രീവൈകുണ്ഠം, മുകുടാൽ, അലങ്കുളം തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സി. ഇസ്ക്കിപാണ്ടി (30), ഇ. മുരുകൻ (28), എം. മുരുകേശൻ (29), പി. തങ്കപാണ്ടി (30) എന്നീ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളിൽ നിന്ന് നഷ്ടപ്പെട്ട സ്വത്തുക്കളിൽ ഭൂരിഭാഗവും വീണ്ടെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സാമൂഹമാധ്യമങ്ങളിൽ അമിതമായി വ്യക്തിവിവരങ്ങളും സമ്പാദ്യവും പങ്കുവെക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നു.