തിരുവനന്തപുരം :നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നെൽകൃഷിയുടെ വികസനത്തിനുമായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിവരികയാണെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് നിയമസഭയിൽ അറിയിച്ചു. സംസ്ഥാനാവിഷ്കൃത പദ്ധതിയായ നെൽകൃഷി വികസന പദ്ധതിക്ക് 2026–27 സാമ്പത്തിക വർഷം 83.6 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തോമസ് ഉണ്ണിയാടന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ഉയർന്ന ഉൽപ്പാദനശേഷിയുള്ള നെൽവിത്ത്, വളം തുടങ്ങിയ ഉൽപ്പാദനോപാധികൾ വാങ്ങുന്നതിന് ഹെക്ടറിന് 5,500 രൂപ നിരക്കിൽ ധനസഹായം നൽകുന്നുണ്ട്. സുസ്ഥിര നെൽകൃഷി വികസനത്തിനായി 76.35 കോടി രൂപയും യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി, തോടുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയ പൊതുവായ ആവശ്യങ്ങൾക്കായി ഹെക്ടറിന് 360 രൂപ നിരക്കിൽ ധനസഹായം നൽകുന്നതിന് 2.10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

പത്ത് നെൽകൃഷി വികസന ഏജൻസികൾക്കുള്ള ഓണറേറിയം, സിറ്റിങ് ഫീസ്, പദ്ധതിയധിഷ്ഠിത ധനസഹായം എന്നിവയ്ക്കായി അഞ്ച് ലക്ഷം രൂപയും 300 ഹെക്ടർ തരിശുനിലം കൃഷിയോഗ്യമാക്കുന്നതിന് 1.20 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. തരിശുനിലത്ത് നെൽകൃഷി ചെയ്യുന്ന കർഷകന് ഹെക്ടറിന് 35,000 രൂപയും ഭൂവുടമയ്ക്ക് 5,000 രൂപയും ഉൾപ്പെടെ ആകെ 40,000 രൂപ ധനസഹായം ലഭിക്കും.

പ്രത്യേക നെല്ലിനങ്ങളുടെ കൃഷിക്ക് 20 ലക്ഷം രൂപയും തൃശൂർ ജില്ലയിലെ കോൾ മേഖലയിൽ നെൽകൃഷി വികസനത്തിനായി 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഗുണമേന്മയുള്ള സർട്ടിഫൈഡ് നെൽവിത്ത് ഉൽപ്പാദിപ്പിക്കുന്ന കർഷകർക്ക് സഹായം നൽകുന്നതിനായി 1.15 കോടി രൂപയും ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗത്തിന് 1.50 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന നെല്ലിന് വിപണി കണ്ടെത്തുക, കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുക, പ്രാദേശിക ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് ധനസഹായ പദ്ധതി അടുത്ത സാമ്പത്തിക വർഷം ആവിഷ്കരിച്ച് നടപ്പാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

നടപ്പ് സാമ്പത്തിക വർഷം സ്മാം (SMAM) പദ്ധതി പ്രകാരം 149.09 കോടി രൂപയുടെ കർമപദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. കാർഷിക മേഖലയെ ആധുനികവത്കരിച്ച് ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രോൺ പൈലറ്റ് ലൈസൻസ് നേടുന്നതിനുള്ള പരിശീലനവും നൽകിവരുന്നു.

വയനാട്, തൃശൂർ, മലപ്പുറം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽനിന്ന് തെരഞ്ഞെടുത്ത 100 പേർക്ക് ഡ്രോൺ പൈലറ്റിങ് പരിശീലനം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.