ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിഷ്പക്ഷവും ധാർമികവുമായ വാർത്താ റിപ്പോർട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (PCI). പ്രതിഷേധവേദികളിൽ റിപ്പോർട്ടിങ്ങിനായി എത്തുന്ന മാധ്യമപ്രവർത്തകർ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, തൊഴിൽപരമായ പെരുമാറ്റം, വാർത്തകളുടെ വസ്തുതാപരിശോധന എന്നിവയ്ക്കാണ് മാർഗനിർദേശങ്ങളിൽ പ്രാധാന്യം നൽകിയിരിക്കുന്നത്.
ഡൽഹിയിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് നടന്നുവരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പ്രതിഷേധങ്ങൾ ക്രമബദ്ധമായും ഫലപ്രദമായും റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് മാർഗനിർദേശങ്ങളുടെ ലക്ഷ്യം.
തിരിച്ചറിയൽ കാർഡ് നിർബന്ധം
വാർത്താ റിപ്പോർട്ടിങ്ങിനിടെ മാധ്യമസ്ഥാപനങ്ങൾ നൽകുന്ന സാധുവായ തിരിച്ചറിയൽ കാർഡോ ബാധകമായ സാഹചര്യങ്ങളിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB), ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി (DIP) എന്നിവയുടെ അക്രഡിറ്റേഷൻ കാർഡോ കൈവശം കരുതണമെന്ന് പ്രസ് കൗൺസിൽ നിർദേശിച്ചു. തിരിച്ചറിയൽ കാർഡ് വ്യക്തമായി കാണുന്നവിധം ധരിക്കണമെന്നും നിർദേശമുണ്ട്.
പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയോ ഏതെങ്കിലും വിഭാഗത്തിന്റെ പക്ഷം ചേരുകയോ സംഘർഷങ്ങൾക്ക് പ്രേരണ നൽകുകയോ ചെയ്യരുത്. പ്രതിഷേധക്കാർ, പ്രതിപ്രതിഷേധക്കാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പ്രവർത്തനങ്ങളിൽ അനാവശ്യമായി ഇടപെടരുതെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
സുരക്ഷിതമായ അകലം പാലിക്കണം
സംഘർഷസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും പൊലീസ് നടപടി പ്രതീക്ഷിക്കുന്ന മേഖലകളിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ച് റിപ്പോർട്ടിങ് നടത്തണം. ജനക്കൂട്ടത്തിന്റെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ പുറത്തുകടക്കാനുള്ള വഴികൾ മുൻകൂട്ടി തിരിച്ചറിയണമെന്നും നിർദേശമുണ്ട്.
അടിസ്ഥാന പ്രഥമശുശ്രൂഷാ സാമഗ്രികൾ, കുടിവെള്ളം, ആവശ്യമായ വ്യക്തിഗത മരുന്നുകൾ, ടോർച്ച്, കണ്ണുകളുടെ സംരക്ഷണത്തിനുള്ള ഉപകരണങ്ങൾ തുടങ്ങിയവ അടങ്ങിയ അടിയന്തര കിറ്റ് കരുതാനും കൗൺസിൽ നിർദേശിച്ചു. പ്രഥമശുശ്രൂഷയിൽ അടിസ്ഥാനപരമായ പരിശീലനം നേടുന്നതും പ്രധാനമാണെന്ന് മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കണം
വാർത്തകൾ കൃത്യമായും വസ്തുനിഷ്ഠമായും നിഷ്പക്ഷമായും റിപ്പോർട്ട് ചെയ്യണമെന്ന് പ്രസ് കൗൺസിൽ നിർദേശിച്ചു. സ്ഥിരീകരിച്ച വസ്തുതകളെയും ആരോപണങ്ങളെയും അഭിപ്രായങ്ങളെയും സ്ഥിരീകരിക്കാത്ത വിവരങ്ങളെയും വ്യക്തമായി വേർതിരിക്കണം. സാധ്യമാകുന്നിടത്തെല്ലാം ഒന്നിലധികം സ്രോതസ്സുകൾ ഉപയോഗിച്ച് വിവരങ്ങൾ പരിശോധിക്കണമെന്നും നിർദേശമുണ്ട്.
പ്രതിഷേധക്കാർ, സംഘാടകർ, പൊലീസ്, സർക്കാർ പ്രതിനിധികൾ എന്നിവർ നൽകുന്ന വിവരങ്ങൾ ഒരേ മാധ്യമപ്രവർത്തന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി പരിശോധിക്കണം. സംഭവസ്ഥലത്ത് ദൃശ്യമാകുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുപകരം വ്യക്തികളുടെ ഉദ്ദേശ്യങ്ങളെയോ വികാരങ്ങളെയോ കുറിച്ച് ഊഹാപോഹങ്ങൾ നടത്തരുതെന്നും കൗൺസിൽ വ്യക്തമാക്കി.
സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തുവിടരുത്
പൊലീസിന്റെ തത്സമയ വിന്യാസം, തന്ത്രപരമായ നീക്കങ്ങൾ, സുരക്ഷാ പ്രവർത്തനങ്ങളെ ബാധിക്കാവുന്ന വിവരങ്ങൾ എന്നിവ പുറത്തുവിടുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണം. ഇത്തരം വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് സുരക്ഷയ്ക്കോ പ്രവർത്തനങ്ങളുടെ രഹസ്യസ്വഭാവത്തിനോ ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ അവ സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്നാണ് നിർദേശം.
പരിക്കേറ്റവർ, പ്രായപൂർത്തിയാകാത്തവർ, ദുരിതത്തിലായ സാധാരണക്കാർ തുടങ്ങിയവരുടെ ചിത്രങ്ങളും വ്യക്തിവിവരങ്ങളും പ്രസിദ്ധീകരിക്കുമ്പോൾ സ്വകാര്യതയും സുരക്ഷയും പരിഗണിക്കണം. വാർത്തയിലെ ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് പ്രതികാരനടപടികൾക്കോ ഉപദ്രവങ്ങൾക്കോ കാരണമാകുമോയെന്നും മാധ്യമപ്രവർത്തകർ വിലയിരുത്തണം.
ന്യൂസ് റൂമുകളുമായി നിരന്തര ആശയവിനിമയം
പ്രതിഷേധവേദികളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ തങ്ങളുടെ വാർത്താ സ്ഥാപനങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ ഏകോപനം ഉറപ്പാക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. ഫ്രീലാൻസ് മാധ്യമപ്രവർത്തകർ തങ്ങളുടെ സ്ഥലം, റിപ്പോർട്ടിങ് പദ്ധതി, മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന സമയം എന്നിവ വിശ്വസ്തനായ എഡിറ്ററെയോ മറ്റൊരു ബന്ധപ്പെടേണ്ട വ്യക്തിയെയോ അറിയിക്കണമെന്നും നിർദേശമുണ്ട്.
വാർത്തയ്ക്കായുള്ള മത്സരത്തേക്കാളും പ്രത്യേക ദൃശ്യങ്ങൾ ലഭിക്കാനുള്ള സമ്മർദത്തേക്കാളും മാധ്യമപ്രവർത്തകരുടെ വ്യക്തിഗത സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന ഓർമപ്പെടുത്തലോടെയാണ് പ്രസ് കൗൺസിൽ മാർഗനിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.