കൊല്ലം: റെയിൽവേ പരിസരത്ത് അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നതും ദൃശ്യങ്ങൾ പകർത്തുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അനുമതിയില്ലാതെ ഡ്രോൺ പറത്തിയ യുവാവിനെ കൊല്ലം റെയിൽവേ ഹോണററി സ്പെഷ്യൽ ജുഡീഷ്യൽ സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് ജസ്റ്റിൻ മാർട്ടിൻ ശിക്ഷിച്ചു.

ആർപിഎഫ് ക്രൈം നമ്പർ QLN 823/2026 കേസിലാണ് നടപടി. എടവ–കാപ്പിൽ റെയിൽവേ പാലത്തിൽനിന്ന് അനുമതിയില്ലാതെ ഡ്രോൺ പറത്തുകയും പ്രദേശത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതിനാണ് യുവാവിനെ കുറ്റക്കാരനായി കണ്ടെത്തിയത്.

റെയിൽവേ നിയമം, 1989-ലെ 147, 145(ബി) വകുപ്പുകൾക്കും ജനവിശ്വാസ (ഭേദഗതി വ്യവസ്ഥകൾ) നിയമം, 2026-ലെ ബന്ധപ്പെട്ട വ്യവസ്ഥകൾക്കും കീഴിലാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. റെയിൽവേ സ്വത്തിൽ അനധികൃതമായി പ്രവേശിച്ചതും പൊതുശല്യം സൃഷ്ടിച്ചതുമാണ് കേസിലെ പ്രധാന കുറ്റങ്ങൾ.

റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾക്കും വൈദ്യുത സംവിധാനങ്ങൾക്കും പൊതുജനങ്ങളുടെ സുരക്ഷയ്ക്കും അനധികൃത ഡ്രോൺ പ്രവർത്തനങ്ങൾ ഭീഷണിയാകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് യുവാവിന് പിഴയും ഒരു ദിവസത്തെ സാമൂഹിക സേവനവും ശിക്ഷയായി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

റെയിൽവേ പാലങ്ങൾ, പാളങ്ങൾ, വൈദ്യുത സംവിധാനങ്ങൾ തുടങ്ങിയ സുരക്ഷാപ്രാധാന്യമുള്ള മേഖലകളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നത് അപകടസാധ്യത സൃഷ്ടിക്കുമെന്നതിനാൽ പൊതുജനങ്ങൾ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.