കുവൈത്ത് സിറ്റി: സൗദി അറേബ്യയും കുവൈത്തും തമ്മിലുള്ള സാഹോദര്യബന്ധവും പരസ്പര സുരക്ഷാ താൽപര്യങ്ങളും ഉയർത്തിക്കാട്ടി കുവൈത്തിലെ വെള്ളിയാഴ്ച ജുമുഅ ഖുതുബ. സൗദി അറേബ്യയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള ആക്രമണങ്ങളെ അപലപിക്കുകയും രാജ്യത്തോടുള്ള ഐക്യദാർഢ്യം ശക്തമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന സന്ദേശമാണ് ഖുതുബയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം തയ്യാറാക്കിയ മാതൃകാ ഖുതുബയ്ക്ക് ‘വിധി ഒന്നിക്കുന്ന കുവൈത്തും സൗദിയും; ആക്രമണങ്ങളോടുള്ള എതിർപ്പ്’ എന്ന ആശയമാണ് നൽകിയിരിക്കുന്നത്. സാധാരണ ജനങ്ങളെയും സിവിലിയൻ സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്ന ആക്രമണങ്ങൾ ഇസ്ലാമിക മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും നിരപരാധികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് മതപരവും മാനുഷികവുമായ ഉത്തരവാദിത്വമാണെന്നും ഖുതുബയിൽ വ്യക്തമാക്കുന്നു.
സൗദി അറേബ്യയുമായുള്ള ബന്ധം വെറും അയൽരാജ്യബന്ധത്തിൽ ഒതുങ്ങുന്നതല്ലെന്നും മതപരമായ സാഹോദര്യം, ചരിത്രപരമായ ബന്ധം, പൊതുവായ താൽപര്യങ്ങൾ, പരസ്പര പിന്തുണ എന്നിവയിൽ അധിഷ്ഠിതമാണെന്നും ഖുതുബയിൽ ചൂണ്ടിക്കാട്ടുന്നു. ഇറാഖ് അധിനിവേശകാലത്ത് കുവൈത്തുകാർക്ക് സൗദി അറേബ്യ നൽകിയ അഭയം, സഹായം, പിന്തുണ എന്നിവയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രപരമായ ഉദാഹരണമായി പരാമർശിക്കുന്നു.
സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെയും സിവിലിയൻ സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്ന ആക്രമണങ്ങളെ എതിർക്കണമെന്നും സംഘർഷങ്ങൾക്കിടയിലും നീതിയും സമാധാനവും സംരക്ഷിക്കണമെന്നും ഖുതുബ ആഹ്വാനം ചെയ്യുന്നു. കുവൈത്തും സൗദി അറേബ്യയും ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾക്ക് സമാധാനവും സുരക്ഷയും നിലനിൽക്കട്ടെയെന്ന പ്രാർഥനയോടെയാണ് ഖുതുബ അവസാനിക്കുന്നത്.