തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കണമെന്ന് റെയിൽവേ അധികൃതർ അഭ്യർഥിച്ചു. ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകളും വീഡിയോകളും മറ്റ് ശബ്ദങ്ങളും സ്പീക്കർ മോഡിൽ കേൾക്കുന്നത് ഒഴിവാക്കണം. പകരം ഇയർഫോണുകൾ ഉപയോഗിക്കണമെന്നും ഫോൺ സംഭാഷണങ്ങൾ കുറഞ്ഞ ശബ്ദത്തിൽ നടത്തണമെന്നും അധികൃതർ നിർദേശിച്ചു.

പ്രത്യേകിച്ച് എസി കോച്ചുകൾ പോലുള്ള അടച്ചിട്ട ഇടങ്ങളിൽ ദീർഘനേരം ഉച്ചത്തിൽ സംസാരിക്കുന്നതും ശല്യമുണ്ടാക്കുന്ന റിങ്‌ടോണുകൾ ഉപയോഗിക്കുന്നതും മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കും. എല്ലാവർക്കും സമാധാനപരവും സുഖകരവുമായ യാത്ര ഉറപ്പാക്കാൻ യാത്രക്കാർ ഉത്തരവാദിത്തത്തോടെ മൊബൈൽ ഫോൺ ഉപയോഗിക്കണമെന്നും റെയിൽവേ വ്യക്തമാക്കി.

നിയമലംഘനത്തിന് 1,000 രൂപ പിഴ

റെയിൽവേ നിയമം, 1989-ലെ 145(2) വകുപ്പ് പ്രകാരം, 2026-ലെ ജനവിശ്വാസ (ഭേദഗതി വ്യവസ്ഥകൾ) നിയമത്തിലൂടെ ഭേദഗതി ചെയ്ത വ്യവസ്ഥകൾ അനുസരിച്ച് ശല്യമുണ്ടാക്കുന്ന പെരുമാറ്റത്തിന് 1,000 രൂപ പിഴ ഈടാക്കാം. ഇതിനു പുറമെ യാത്രക്കാരനെ റെയിൽവേ പരിസരത്തുനിന്ന് പുറത്താക്കാനും പാസ് അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി പിടിച്ചെടുക്കാനും വ്യവസ്ഥയുണ്ടെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റുള്ളവരുടെ യാത്രാസൗകര്യത്തെ ബാധിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ ഒഴിവാക്കണമെന്നും നിയമങ്ങളും യാത്രാമര്യാദകളും പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.