13 കോടി പേരെ വോട്ടർപട്ടികയിൽനിന്ന് നീക്കാൻ നീക്കമെന്ന യുഎസ് കോൺഗ്രസ് അംഗത്തിന്റെ ആരോപണത്തിനെതിരെ കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിലെ വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് യുഎസ് കോൺഗ്രസ് അംഗം പ്രമീള ജയപാൽ നടത്തിയ വിമർശനങ്ങൾ തള്ളി ഇന്ത്യ. പരാമർശങ്ങൾ അനാവശ്യവും വസ്തുതകൾ ശരിയായി മനസ്സിലാക്കാതെയുള്ളതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. മറ്റൊരു ജനാധിപത്യ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെടുന്നതിന് തുല്യമാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വോട്ടർപട്ടികയിൽനിന്ന് 13 കോടി പേരെ നീക്കം ചെയ്യാനുള്ള നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ടെന്നും ഇതിൽ ആശങ്കയുണ്ടെന്നും പ്രമീള ജയപാൽ വ്യാഴാഴ്ച സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. അമേരിക്കയിൽ വോട്ടവകാശത്തെ ബാധിക്കുന്ന നടപടികളുമായി ഇന്ത്യയിലെ നീക്കങ്ങൾക്ക് സാമ്യമുണ്ടെന്നും അവർ ആരോപിച്ചു.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്‌ഐആറുമായി ബന്ധപ്പെട്ടാണ് വിവാദം. പട്ടികയിലെ വിവരങ്ങൾ പരിശോധിച്ച് അർഹതയില്ലാത്ത എൻട്രികൾ നീക്കം ചെയ്യുന്നതിനുള്ള നടപടിയുടെ ഭാഗമായി നിരവധി പേരുടെ പേരുകൾ ഒഴിവാക്കിയെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനെതിരെ ഇന്ത്യയിൽ യുവജന സംഘടനകളും പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം നടത്തിവരികയാണ്.

പ്രമീള ജയപാലിന്റെ പരാമർശങ്ങൾ ജനാധിപത്യത്തെത്തന്നെ ദുർബലപ്പെടുത്തുന്ന സമീപനമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ രാജ്യത്തിന്റെ ആഭ്യന്തര ജനാധിപത്യ സംവിധാനങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിൽ ജനിച്ച പ്രമീള ജയപാൽ 1982-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയായ അവർ ഇന്ത്യയിലെ സർക്കാർ നടപടികളെക്കുറിച്ച് നേരത്തെയും വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

വോട്ടർപട്ടിക പരിഷ്‌കരണത്തെക്കുറിച്ചുള്ള ആരോപണങ്ങളും കേന്ദ്രസർക്കാരിന്റെ പ്രതികരണവും രാജ്യത്തെ തിരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യത സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.