Rahul humble Sanal
ഉത്തർ പ്രദേശ്:
ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലെ സഹാർ ബ്ലോക്കിലുള്ള അറിയാരി ഗ്രാമത്തിൽ നിന്നുള്ള 75 കാരനായ രാംസഗറും (രാംസുഗർ) 30 കാരിയായ ഇൻസ്റ്റാഗ്രാം ബ്ലോഗർ റീന രാജ്പുതും (റാണി) തമ്മിലുള്ള പ്രണയവും വിവാഹനിശ്ചയവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും നാട്ടിലും വലിയ ചർച്ചയായിരിക്കുന്നത്.
രാംസഗറിന്റെ ഭാര്യ ഏകദേശം ഏഴ് വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടതാണ്. അദ്ദേഹത്തിന്റെ മകൾ രാധ ഒരു യൂട്യൂബറാണ്. രാധയോടൊപ്പം വീഡിയോ ചിത്രീകരണങ്ങൾക്കായി കഴിഞ്ഞ രണ്ട് വർഷമായി റീന പതിവായി രാംസഗറിന്റെ വീട്ടിൽ വരുമായിരുന്നു.
ഈ സന്ദർശനങ്ങളിലൂടെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാകുന്നതും പ്രണയത്തിലാകുന്നതും.
45 വയസ്സിന്റെ പ്രായവ്യത്യാസമുള്ള ഇരുവരും പരസ്പര സമ്മതത്തോടെയാണ് വിവാഹിതരാകാൻ തീരുമാനിച്ചത്.
അടുത്തിടെ ഔറയ്യയിലെ ഒരു ബ്യൂട്ടി പാർലറിൽ വെച്ച് ഇരുവരുടെയും വിവാഹനിശ്ചയം നടക്കുകയും തുടർന്ന് ഹൽദി ചടങ്ങുകൾ ആഘോഷപൂർവ്വം പൂർത്തിയാക്കുകയും ചെയ്തു.
ഈ ചടങ്ങുകളുടെ വീഡിയോകളും ചിത്രങ്ങളും റീന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.
തനിക്ക് പ്രായവ്യത്യാസത്തിൽ യാതൊരു എതിർപ്പുമില്ലെന്നും സ്നേഹത്തിന് അതിരുകളില്ലെന്നും റീന വ്യക്തമാക്കുന്നു.
നവരാത്രി ആഘോഷങ്ങൾക്ക് ശേഷമായിരിക്കും വിവാഹ തീയതി നിശ്ചയിക്കുക. അതേസമയം, സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനും പ്രശസ്തിക്കായുമാണ് ഈ വിവാഹനിശ്ചയമെന്ന് പ്രദേശവാസികളിൽ ചിലർ ആരോപിക്കുന്നുണ്ട്.
റീനയ്ക്ക് മുൻപ് രണ്ട് കുട്ടികളുണ്ടെന്നും ഭർത്താവ് തൊഴിലാളിയാണെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.