കുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിലെ പൊതുസ്ഥലങ്ങളും റോഡുകളും അനധികൃതമായി കൈയേറുന്നതിനെതിരെ കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി. മംഗഫ്, അബൂ ഹലീഫ മേഖലകളിൽ നടത്തിയ പരിശോധനയിൽ 12 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുകയും ഒമ്പത് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ അഹ്മദി മുനിസിപ്പാലിറ്റിയിലെ പൊതുശുചിത്വ, റോഡ് അധിനിവേശ നിയന്ത്രണ വിഭാഗമാണ് പ്രത്യേക പരിശോധന നടത്തിയത്.
പൊതുസ്ഥലങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഒമ്പത് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കൂടാതെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിലും അനധികൃത സ്ഥല ഉപയോഗവുമായി ബന്ധപ്പെട്ടും ആകെ 56 മുന്നറിയിപ്പുകൾ നൽകി.
റോഡരികുകളിലും പൊതുസ്ഥലങ്ങളിലും ദീർഘകാലമായി ഉപേക്ഷിച്ച വാഹനങ്ങൾ ഗതാഗതത്തിനും പൊതുശുചിത്വത്തിനും തടസ്സമാകുന്നത് പരിഗണിച്ചാണ് അധികൃതരുടെ ഇടപെടൽ.
അഹ്മദി മുനിസിപ്പാലിറ്റി ബ്രാഞ്ച് ഡയറക്ടർ സാദ് അൽ ഖുറൈഞ്ച് പരിശോധനകളുടെ ലക്ഷ്യം നിയമലംഘനങ്ങൾ കണ്ടെത്തുകയും കുറ്റക്കാർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണെന്ന് വ്യക്തമാക്കി.
അനധികൃതമായി പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്ന പ്രവണത തടയുന്നതിനും ജനങ്ങൾക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ പൊതുസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും പരിശോധനകൾ തുടരും.