വാഷിങ്ടൺ: അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്നും കമ്പനികളിൽ നിന്നുമായി 10.871 ട്രില്യൺ ഡോളറിന്റെ നിക്ഷേപം എത്തിയതായി വൈറ്റ് ഹൗസ്. ഇതിൽ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപം 330 ബില്യൺ ഡോളറിലധികമാണെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കയിലെ പ്രധാന നിക്ഷേപകരിൽ ഇന്ത്യയും ഇടംപിടിച്ചു.

വെള്ളിയാഴ്ച വൈറ്റ് ഹൗസിന്റെ യൂട്യൂബ് ചാനലിൽ തുടർച്ചയായി പ്രദർശിപ്പിച്ച നിക്ഷേപ പട്ടികയിലാണ് ഇന്ത്യയിൽ നിന്നുള്ള നിക്ഷേപ കണക്കുകൾ ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ പേരിൽ രണ്ട് നിക്ഷേപങ്ങളാണ് പട്ടികയിലുള്ളത്. ഒന്ന് 310 ബില്യൺ ഡോളറിന്റെയും മറ്റൊന്ന് 20.5 ബില്യൺ ഡോളറിന്റെയും നിക്ഷേപമാണ്. ഇവ രണ്ടും ചേർത്താണ് 330.5 ബില്യൺ ഡോളറിന്റെ നിക്ഷേപമെന്ന് കണക്കാക്കുന്നത്.

‘അമേരിക്കയിലേക്ക് ട്രില്യൺ കണക്കിന് ഡോളർ ഒഴുകിയെത്തുന്നത് ആസ്വദിക്കൂ’ എന്ന കുറിപ്പോടെയാണ് വൈറ്റ് ഹൗസ് നിക്ഷേപ പട്ടിക സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചത്. നിക്ഷേപ കണക്കുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് വൈറ്റ് ഹൗസ് ഉടൻ പ്രതികരിച്ചിട്ടില്ല.

ഇന്ത്യൻ കമ്പനികളുടെ പ്രധാന നിക്ഷേപ പദ്ധതികളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ടെക്സസിലെ ബ്രൗൺസ്‌വില്ലിൽ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് 300 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് മാർച്ചിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. മെയ് മാസത്തിൽ നടന്ന സെലക്ട് യുഎസ്എ നിക്ഷേപ ഉച്ചകോടിയിൽ ഇന്ത്യൻ വ്യവസായ മേഖല അമേരിക്കയിൽ 20.5 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.

അയോവയിൽ എസ്സാർ ഗ്രൂപ്പിന്റെ മെസാബി മെറ്റാലിക്സ് 15 ബില്യൺ ഡോളർ ചെലവിൽ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിയും പട്ടികയിൽ പരാമർശിക്കുന്നുണ്ട്.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലേക്ക് വലിയ തോതിൽ നിക്ഷേപം എത്തുന്നതായി ചൂണ്ടിക്കാട്ടുന്ന വൈറ്റ് ഹൗസ് കണക്കുകൾ, ആഭ്യന്തര കമ്പനികളുടെയും വിദേശ രാജ്യങ്ങളുടെയും നിക്ഷേപങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കായി 20 ട്രില്യൺ ഡോളറിലധികം നിക്ഷേപങ്ങളും നിക്ഷേപ വാഗ്ദാനങ്ങളും തന്റെ ഭരണകൂടം നേടിയിട്ടുണ്ടെന്ന് ട്രംപ് നേരത്തെയും അവകാശപ്പെട്ടിരുന്നു.