ഭിന്നശേഷിക്കാരായ മാതാപിതാക്കളെ പരിചരിക്കുന്ന സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസവുമായി സംസ്ഥാന സർക്കാരിന്റെ നിർണായക തീരുമാനം. പൊതുസ്ഥലമാറ്റത്തിൽ ഇവർക്ക് പ്രത്യേക ഇളവും സംരക്ഷണവും അനുവദിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഉത്തരവ് ഭേദഗതി ചെയ്തു.
ഇതുവരെ നിലവിലുണ്ടായിരുന്ന വ്യവസ്ഥകൾ പ്രകാരം ഭിന്നശേഷിക്കാരായ മക്കൾ, ജീവിതപങ്കാളി, സഹോദരി, സഹോദരൻ എന്നിവരെ സംരക്ഷിക്കുന്ന ജീവനക്കാർക്ക് മാത്രമായിരുന്നു പൊതുസ്ഥലംമാറ്റങ്ങളിൽ പ്രത്യേക പരിരക്ഷ ലഭിച്ചിരുന്നത്. എന്നാൽ പ്രായമായ മാതാപിതാക്കൾ ഭിന്നശേഷിക്കാരാവുമ്പോൾ അവരെ ശുശ്രൂഷിക്കേണ്ടി വരുന്ന ജീവനക്കാരുടെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ വഴി ലഭിച്ച അപേക്ഷ പരിഗണിച്ചാണ് സർക്കാർ ഈ മാനുഷികപരമായ തീരുമാനം കൈക്കൊണ്ടത്.
ജീവനക്കാരുടെ കുടുംബ സാഹചര്യങ്ങളെയും കരുതലിനെയും മുൻനിർത്തി പൊതുസ്ഥലംമാറ്റ ചട്ടങ്ങളിൽ വരുത്തിയ ഈ ഭേദഗതി ആയിരക്കണക്കിന് ജീവനക്കാർക്കും അവരുടെ മാതാപിതാക്കൾക്കും ഏറെ തുണയാകും.