സോഷ്യൽ മീഡിയയിലെ റീലുകളിലും ഷോർട്സുകളിലും കഴുത്തും നട്ടെല്ലും പിടിച്ച് തിരിച്ചും ഞെരിച്ചും 'ഠപ്പേ' എന്ന് വലിയ ശബ്ദമുണ്ടാക്കുന്ന വീഡിയോകൾ കാണാത്തവർ ഇന്ന് കുറവായിരിക്കും. ആ ഒരൊറ്റ ക്ലിക്കോടെ, അല്ലെങ്കിൽ ആ കടകട ശബ്‌ദത്തോടെ വർഷങ്ങളായുള്ള നടുവേദനയും തലവേദനയും എന്തിനേറെ ആസ്ത്മ വരെ പമ്പകടന്നു എന്ന മട്ടിലുള്ള ഭാവപ്രകടനങ്ങളും കൂടെയുണ്ടാകും. ഈ നൂതനമായ ചികിത്സയുടെ പേരാണ് കൈറോപ്രാക്സി.

ചികിത്സാരംഗത്തെ ഏറ്റവും പുതിയ ആട്-മാഞ്ചിയം-തേക്ക് പദ്ധതിയാണ് ഈ കൈറോപ്രാക്റ്റിക് സ്പൈനൽ അലൈൻമെൻ്റ് കറക്ഷൻ. കാണാനും കേൾക്കാനും ഏറെ രസമുള്ള ആ വീഡിയോകളുടെ പിന്നിലെ കഥയാണിന്ന്.

കൈറോപ്രാക്‌സിയുടെ തുടക്കം തന്നെ ഒന്നാന്തരം മിസ്റ്റിക് കഥയാണ്. 1895-ൽ ഡാനിയൽ ഡേവിഡ് പാമർ എന്ന അമേരിക്കക്കാരനാണ് ഇതിന്റെ ഉപജ്ഞാതാവ്. ആളൊരു കാന്തിക ചികിത്സകനും പലചരക്ക് വ്യാപാരിയുമൊക്കെയായിരുന്നു. ഒരു ദിവസം തന്റെ ക്ലിനിക്കിലെ ബധിരനായ ഒരു തൂപ്പുകാരന്റെ നട്ടെല്ലിലെ ഒരു മുഴ കണ്ട പാമർ, അതിൽ ബലമായി അമർത്തി ഒരു അസ്ഥി ‘സ്ഥാനത്തേക്ക്’ തിരിച്ചുവെച്ചത്രേ. ഉടൻതന്നെ ആ പാവത്തിന് കേൾവിശക്തി തിരിച്ചുകിട്ടി എന്നാണ് പാമറുടെ അവകാശവാദം.

ഇതിലും വലിയ തമാശ എന്തെന്നുവെച്ചാൽ, ഈ ചികിത്സാരീതി തനിക്ക് വെളിപ്പെടുത്തി തന്നത് ജീവിച്ചിരിക്കുന്ന ഏതെങ്കിലും ശാസ്ത്രജ്ഞനല്ല, മറിച്ച് 50 വർഷം മുൻപ് മരിച്ചുപോയ ജിം അറ്റ്കിൻസൺ എന്നൊരു ഡോക്ടറുടെ പ്രേതമാണ് എന്ന് പാമർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരു കൈറോപ്രാക്റ്ററുടെ സിദ്ധാന്തപ്രകാരം മനുഷ്യശരീരത്തിൽ ‘ഇന്നേറ്റ് ഇന്റലിജൻസ്’ എന്നൊരു ജീവശക്തി ഒഴുകുന്നുണ്ട്. നട്ടെല്ലിലെ കശേരുക്കൾക്ക് നേരിയ സ്ഥാനചലനം (അഥവാ subluxation) ഉണ്ടാകുമ്പോൾ നാഡികൾ ഞെരുങ്ങുകയും ഈ ജീവശക്തി തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് മൂലമാണ് കാൻസർ മുതൽ പ്രമേഹവും ആസ്ത്മയും വരെ സകല രോഗങ്ങളും ഉണ്ടാകുന്നത്. അതുകൊണ്ട് നട്ടെല്ലിനെ ബലം പ്രയോഗിച്ച് വലിച്ചുനീട്ടി ‘അലൈൻമെന്റ്’ ശരിയാക്കിയാൽ ഈ ജീവശക്തി സ്വതന്ത്രമായി ഒഴുകുകയും എല്ലാ രോഗങ്ങളും താനേ മാറുകയും ചെയ്യും എന്നാണ് ഇവരുടെ വാദം. ഡി.ഡി. പാമർ കഴിഞ്ഞപ്പോൾ അയാളുടെ മകൻ പി.ജെ. പാമർ ഈ അത്ഭുത ചികിത്സ ഒരു പാരമ്പര്യരോഗം പോലെ ഏറ്റെടുത്ത് വിറ്റ് കാശുണ്ടാക്കുകയാണ് ചെയ്തത്.

നടുവേദനയുടെ നിരവധി കാരണങ്ങളിൽ ഒന്ന് കശേരുക്കളുടെ subluxation ആവാം. മെഡിക്കൽ സയൻസിൽ സബ്ലസേക്ഷൻ എന്നാൽ സന്ധികളിലെ ഭാഗികമായ സ്ഥാനഭ്രംശം ആണ്. അത് എക്സ്-റേയിലോ എം.ആർ.ഐയിലോ വ്യക്തമായി കാണാൻ കഴിയും. എന്നാൽ കൈറോപ്രാക്ടർമാർ പറയുന്ന തരത്തിലുള്ള അദൃശ്യമായ ‘കശേരു സ്ഥാനചലനം’ ഇന്നുവരെ ഒരു റേഡിയോളജിക്കൽ ഇമേജിംഗിലും ലോകത്തൊരാൾക്കും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.

പിന്നെയീ 'ഇന്നേറ്റ് ഇന്റലിജൻസ്' എന്ന ജീവശക്തിക്ക് അനാട്ടമിയുമായോ ഫിസിയോളജിയുമായോ യാതൊരു ബന്ധവുമില്ല. ഇന്നേറ്റായി ഇത്തിരിയെങ്കിലും ബുദ്ധിയുള്ള ആർക്കും അത് മനസിലാക്കാവുന്നതേ ഉള്ളൂ.

നട്ടെല്ലിലെ ഇവർ പറയുന്ന ഈ അദൃശ്യമായ സബ്ലക്സേഷൻ കാരണം പ്രമേഹം, ആർത്തവപ്രശ്നങ്ങൾ, ആസ്‌ത്മ, ക്ഷീണം, മൈഗ്രേൻ, രക്താതിമർദ്ദം തുടങ്ങി സാധാരണ കാണുന്ന എല്ലാ രോഗങ്ങളും വരാം എന്നാണ് വാദം. എന്നുവച്ചാൽ പത്രത്തിൽ വരുന്ന വാരഫലം പോലെ ആരുവായിച്ചാലും ഇത് തന്നെപ്പറ്റിയാണെന്ന് തോന്നും. യഥാർത്ഥത്തിൽ ഒരാൾക്ക് സബ്ലക്‌സേഷൻ ഉണ്ടായാൽ തന്നെ ഞരമ്പുകൾ ഞെരുങ്ങുകയും മരവിപ്പോ വേദനയോ പേശിബലക്കുറവോ വരാം എന്നല്ലാതെ, അതുകൊണ്ട് പാൻക്രിയാസിൽ ഇൻസുലിൻ ഉൽപ്പാദനം നിലയ്ക്കുമെന്നോ ആസ്ത്മ വരുമെന്നോ പറയുന്നത് വിഡ്ഢിത്തമാണ്. എന്നാൽ ഇത് പറയുന്നവർ ആരും വിഡ്ഢികളല്ല. ബുദ്ധിമാന്മാരായ ഒന്നാന്തരം തട്ടിപ്പുകാരാണെന്ന് മാത്രം.

ഇവരുടെ വീഡിയോകളുടെ ഏറ്റവും വലിയ ആകർഷണം നട്ടെല്ല് തിരിക്കുമ്പോൾ കേൾക്കുന്ന ടകടക ശബ്ദമാണ്. ആ ശബ്ദമാണ് പ്രധാന മാർക്കറ്റിംഗ് ടൂളും. കശേരുക്കൾ കൃത്യ സ്ഥാനത്ത് കയറി ഇരുന്നതിന്റെ ശബ്ദമാണിതെന്ന് പലരും തെറ്റിദ്ധരിക്കുന്നു. എന്നാലിത് നമ്മൾ കൈ വിരലുകളൊക്കെ ഞൊട്ടയിടുമ്പോൾ കേൾക്കുന്ന ശബ്ദമില്ലേ, അത് തന്നെയാണ്. എന്തുകൊണ്ടാണ് ഞൊട്ടയിടുമ്പോൾ ആ ശബ്‌ദം ഉണ്ടാവുന്നതെന്ന് ആർക്കെങ്കിലും അറിയാമോ?

നമ്മുടെ സന്ധികൾക്കുള്ളിൽ സിനോവിയൽ ദ്രവം എന്നൊരു ലൂബ്രിക്കൻ്റ് ഉണ്ട്. ഒരു ജോയിൻ്റ് മടങ്ങുമ്പോൾ അതിനകത്തെ സ്പേസ് കൂടും. അപ്പോൾ ഈ ദ്രാവകത്തിൽ ലയിച്ചുചേർന്നിരിക്കുന്ന വാതകങ്ങൾ (പ്രധാനമായും നൈട്രജൻ) പെട്ടെന്നുള്ള മർദ്ദവ്യത്യാസം കൊണ്ട് കുമിളകളായി മാറും. ഈ കുമിളകൾ ഒന്ന് ചേർന്ന് വലുതായി ( ഇതിന് cavitation എന്ന് പറയും) പൊട്ടുന്ന പ്രതിഭാസമാണ് നമ്മൾ സ്‌ഥിരം ചെയ്യുന്ന ഞൊട്ടയിടൽ. പലരും ധരിച്ചു വച്ചിരിക്കുന്ന പോലെ എല്ലുകൾ തമ്മിൽ തട്ടി സ്ഥാനം മാറുന്നതിൻ്റെ ശബ്ദമല്ല അത്.

നട്ടെല്ലിൽ ഇത്തരം ചെറിയ സൈനോവിയൽ സന്ധികൾ ധാരാളം ഉണ്ട്. ഇവരുടെ വീഡിയോകളിൽ നട്ടെല്ലിൽ അമർത്തുമ്പോൾ ഒന്നിന് പിറകേ ഒന്നായി പല സന്ധികൾ ഞൊട്ടയിടുന്നതാണ് നമ്മൾ ടകടകാന്ന് കേൾക്കുന്നത്. എന്നാൽ നമ്മളാരും ചെയ്താൽ ഇത്രയും ശബ്‌ദം കേൾക്കുകയും ഇല്ല. അവിടെയാണ് അടുത്ത ട്രിക്ക്, ഈ ശബ്‌ദം പ്രത്യേക മൈക്രോഫോൺ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുകയും അത് ആംപ്ലിഫൈ ചെയ്ത് വീഡിയോയിൽ കേൾപ്പിക്കുകയും ചെയ്യും. അല്ലെങ്കിൽ കൃത്രിമമായി ശബ്‌ദം ഉണ്ടാക്കി വീഡിയോയിൽ ചേർക്കും.

എന്നാലീ ഞൊട്ടയിടലിന് ചില ഗുണങ്ങളുണ്ട്. ഇത് ചെയ്യുമ്പോൾ സന്ധികളിലെ മെക്കാനോറിസെപ്റ്ററുകൾ ഉത്തേജിപ്പിക്കപ്പെടുകയും, തലച്ചോറിൽ എൻഡോർഫിനുകൾ എന്ന നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക വേദനസംഹാരികൾ താൽക്കാലികമായി റിലീസ് ചെയ്യപ്പെടുകയും ചെയ്യാം. നമ്മൾ ഒരു സ്പായിൽ പോയി ചെയ്യുന്ന, അല്ലെങ്കിൽ ഒരു ഉഴിച്ചിൽ കേന്ദ്രത്തിൽ പോയി ചെയ്യുന്ന, അതുമല്ലെങ്കിൽ സ്വന്തം പാർട്ണർ സ്‌നേഹത്തോടെ ചെയ്തു തരുന്ന, മസാജിൻ്റെ പിന്നിലെ സയൻസും ഇതാണ്. എൻഡോർഫിനുകൾ കാരണം ആ നിമിഷത്തിൽ ചെറിയൊരു സുഖവും വേദനക്കുറവും ഒക്കെ തോന്നുന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ഇവിടെ യഥാർത്ഥ രോഗകാരണം അവിടെത്തന്നെ ഭദ്രമായി ഇരിപ്പുണ്ടാകും എന്ന് മാത്രം.

അപ്പോഴും കൈറോപ്രാക്സി വെറും തട്ടിപ്പ് മാത്രമല്ല, വളരെ അപകടകരവുമാണ്. നടുവേദനയ്ക്ക് ചെയ്യുന്ന ലളിതമായ ചില പേശി വ്യായാമങ്ങൾ പോലെ ഇതിനെ നിരുപദ്രവകരമായി തള്ളിക്കളയാൻ പറ്റില്ല.

കഴുത്തിലെ കശേരുക്കൾക്കുള്ളിലൂടെയാണ് തലച്ചോറിന്റെ പിൻഭാഗത്തേക്ക് രക്തമെത്തിക്കുന്ന വെർട്ടിബ്രൽ ധമനികൾ കടന്നുപോകുന്നത്. കഴുത്ത് പെട്ടെന്ന് ശക്തിയായി വെട്ടിച്ചു തിരിക്കുമ്പോൾ (High-velocity, low-amplitude thrusts) ഈ ധമനികളുടെ ഉൾഭിത്തി കീറിപ്പോകാനും, അവിടെ രക്തം കട്ടപിടിച്ച് തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച് സ്ട്രോക്ക് ഉണ്ടാകാനും സാധ്യതയുണ്ട്. ലോകമെമ്പാടും ഇത്തരം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലും ഉണ്ട്, പക്ഷെ രോഗിക്കോ ബന്ധുക്കൾക്കോ അതിൽ പരാതിയില്ല.

ഇനി ഡിസ്ക് പ്രൊലാപ്സ് ഉള്ള ഒരു രോഗിയുടെ നട്ടെല്ലിൽ ഇത്തരം അശാസ്ത്രീയ ബലപ്രയോഗങ്ങൾ നടത്തുമ്പോൾ, ഡിസ്ക് കൂടുതൽ പുറത്തേക്ക് തള്ളി സുഷുമ്നാ നാഡിയെ സാരമായി ബാധിക്കാനും കാലുകളുടെ ചലനശേഷി നഷ്ടപ്പെടാനും സാധ്യതയേറെയാണ്. ഈയടുത്തും നടുവേദനക്ക് കൈറോപ്രാക്സിയും സ്പൈനൽ ഡികംപ്രഷനും ചെയ്ത് കാലുകൾക്ക് തളർച്ചയും മൂത്രം പോകുന്നതിൻ്റെ

കൺട്രോളും നഷ്‌ടമായ ഒരാളെ കണ്ടിരുന്നു. ഒട്ടും അത്ഭുതമില്ല, അവർക്കും പരാതിയോ ഈ ചികിത്സയെ സംശയമോ ഇല്ലായിരുന്നു. എന്ത് നല്ല ലോകം.

വേറൊരു പ്രശ്‌നം നടുവേദനയ്ക്ക് നിരവധി കാരണങ്ങൾ ഉണ്ട്. മുഴകൾ, നട്ടെല്ലിലെ അണുബാധകൾ അല്ലെങ്കിൽ ആന്തരിക അവയവങ്ങളുടെ പ്രശ്നങ്ങൾ എന്നിവ കാരണം വരുന്ന പുറംവേദനകളെല്ലാം വെറും കശേരു തെറ്റൽ ആണെന്ന് പറഞ്ഞ് തിരുമ്മിക്കൊണ്ടിരുന്നാൽ യഥാർത്ഥ ചികിത്സ ലഭിക്കാൻ വൈകുകയും രോഗിയുടെ ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യും.

വിദ്യാഭ്യാസവും വിവരവും ഉണ്ടെന്ന് സ്വയം കരുതുന്നവർ തന്നെയാണ് ഇവരുടെയും ഇതുപോലുള്ള ഉഴിച്ചിൽ പിഴിച്ചിൽ കേന്ദ്രങ്ങളുടെയും പ്രധാന ഇരകൾ. മക്കൾ MBBS ഡോക്‌ടർമാർ ആയവർ വരെയുണ്ട്. മക്കൾക്കുണ്ടാകുന്ന നാണക്കേട് കാരണം പണി കിട്ടിയത് പുറത്ത് പറയാൻ മടി കാണിച്ചവരെയും അറിയാം.

ശാസ്ത്രീയമായ തെളിവുകളുടെയോ ക്ലിനിക്കൽ ട്രയലുകളുടെയോ യാതൊരു പിൻബലവുമില്ലാത്ത, 19-ആം നൂറ്റാണ്ടിൽ ഒരു പലചരക്ക് വ്യാപാരിക്ക് പഴയൊരു ഡോക്‌ടറുടെ ആത്മാവ് പറഞ്ഞുകൊടുത്ത കഥയിൽ വേരൂന്നിയ ഒന്നാണ് കൈറോപ്രാക്‌സി. ഫിസിയോതെറാപ്പിയും ആധുനിക ന്യൂറോ-ഓർത്തോ ചികിത്സകളും ഇത്രയേറെ വികസിച്ച കാലത്തും ഇത്തരം ഞൊട്ടിക്കൽ നാടകങ്ങളിൽ പോയി കഴുത്ത് വെച്ചുകൊടുക്കുന്നത് ജീവൻ കൊണ്ടുള്ള പന്താട്ടമാണ് .