മനോജ് വാസുദേവ്
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസിൽ ഉടലെടുത്ത തർക്കം രൂക്ഷമായ പരസ്യപ്പോരിലേക്ക്. കെ പി സി സി നിയോഗിച്ച സമിതിയുടെ തെളിവെടുപ്പിൽ രമ്യ ഹരിദാസ് ഹാജരായില്ല. പറയേണ്ട കാര്യങ്ങൾ കെ പി സി സി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്നാണ് രമ്യ പറയുന്നത്. എന്നാൽ, സംഘടനാചട്ടം അനുസരിച്ച് തെളിവെടുപ്പ് സമിതി മുമ്പാകെ ഹാജരാകാത്ത നടപടി അനുചിതമാണെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. ഇതോടെ ചിറയിൻകീഴിലെ കോൺഗ്രസിൽ ഉടലെടുത്ത തർക്കം അതിരൂക്ഷമായി. രമ്യ ഹരിദാസ് പാർട്ടിക്ക് വിധേയമാകണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കി. പുന്തല്ലൂർ, കിഴുവിലം എന്നീ മണ്ഡലം കമ്മിറ്റികളാണ് എംഎൽഎക്കെതിരെ പ്രമേയം പാസാക്കിയത്. തർക്കം രൂക്ഷമായതോടെ രമ്യ ഹരിദാസിനെ അകറ്റി നിർത്താനാണ് ഭൂരിഭാഗം പ്രവർത്തകരും ആവശ്യപ്പെടുന്നത്. ഈ നില തുടർന്നാൽ രമ്യക്ക് മണ്ഡലത്തിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. അത്തരമൊരു സ്ഥിതിവിശേഷം ക്ഷണിച്ചുവരുത്തരുതെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
തർക്കം രൂക്ഷമായിരിക്കെ ഡ്രൈവറും ഒരു പേഴ്സണൽ സ്റ്റാഫും രാജി വെച്ചിരുന്നു. ഇതിന് വ്യക്തമായ വിശദീകരണം നൽകാൻ രമ്യക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. രമ്യ ഹരിദാസുമായുള്ള കടുത്ത ഭിന്നതയുടെ ഭാഗമായാണ് രാജിയെന്ന് പ്രവർത്തകർ പറയുന്നു.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിന് കാരണം രമ്യയുടെ നിഷേധ നിലപാട് കാരണമാണെന്നാണ് പൊതുവെയുള്ള സംസാരം. പാർട്ടി പ്രവർത്തകരുമായുള്ള രമ്യയുടെ കയ്യാങ്കളി പാർട്ടിക്ക് അവമതിപ്പുണ്ടാക്കി എന്നാണ് ഡിസിസി നേതൃത്വത്തിന്റെ വിലയിരുത്തൽ.
രമ്യാ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിലുള്ള തർക്കം കൈവിട്ടുപോയെന്നാണ് നേതാക്കളും അടക്കം പറയുന്നത്. ഈ നില തുടർന്നാൽ അത് വലിയ ക്ഷീണം ഉണ്ടാക്കുമെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു.