ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു. 75 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംഗീത സംവിധായകൻ ശ്രീകാന്ത് ദേവയാണ് മകൻ.
നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 400 ലേറെ സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി. നിരവധി സിനിമകളിൽ പശ്ചാത്തല സംഗീതമൊരുക്കി. കന്നഡ, മലയാളം, തെലുഗ് സിനിമകളിൽ സജീവമായിരുന്നുവെങ്കിലും തമിഴിലാണ് ഏറെ ശ്രദ്ധ പതിപ്പിച്ചത്. തമിഴിൽ റെക്കാഡ് സൃഷ്ടിച്ച സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'അണ്ണാമലൈ', 'അരുണാചലം', 'ബാഷ' എന്നിവയുടെ സംഗീത സംവിധായകൻ ദേവയായിരുന്നു. ആസൈ, കാതൽ കോട്ടൈ, നെരുക്കു നേർ, നിനൈതൻ വന്തൈ, പ്രിയമുടൻ, വാലി, കുശി തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ചതും ദേവയായിരുന്നു.
മലയാളത്തിൽ 'ഫാന്റം' തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. ഏതാനും സിനിമകളിൽ ഗാനരചനയും നിർവഹിച്ചു.
ദേവനേശൻ ചോക്കലിംഗം എന്ന ദേവ തമിഴ് സിനിമാ സംഗീതത്തിൽ ചെന്നൈയുടെ 'ഗാന' പാരമ്പര്യം മുഖ്യധാരയിലേക്ക് എത്തിച്ചു. 'ഫാദർ ഓഫ് ഗാന' എന്നാണ് ദേവ അറിയപ്പെടുന്നത്. 1950-ൽ ചെന്നൈയിലെ മൈലാപ്പൂരിലാണ് ജനിച്ചത്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ദേവ നാടകവേദികളിൽ നിന്നാണ് ഹാർമോണിയം പഠിച്ചത്. പിന്നീട് ധനരാജ് മാസ്റ്റർ, ജെ ബി കൃഷ്ണ എന്നിവരുടെ കീഴിൽ പിയാനോ, ഹാർമോണിയം എന്നിവയും ശാസ്ത്രീയ സംഗീതവും പഠിച്ചു. 1980 കളിൽ ഭക്തിഗാന ആൽബങ്ങൾക്കായി രചന നിർവഹിച്ചു. പിന്നീട് നൂറുകണക്കിന് ആൽബങ്ങൾ പുറത്തിറക്കി.
തമിഴ്നാട് സർക്കാരിന്റെ 'കലൈമാമണി' പുരസ്കാരവും 'ആസൈ' എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി. "തേനിസൈ തെൻഡ്രൽ" എന്ന ബഹുമതിക്കും അർഹനായി.
1986-ൽ മട്ടുക്കര മന്നാരു എന്ന ചിത്രത്തിലൂടെയാണ് ദേവ ചലച്ചിത്ര സംഗീത സംവിധായകനാകുന്നത്.