ഗുരുഗ്രാം: ജോലി സ്ഥാപനത്തിലേക്ക് രാവിലെ ഏഴുമണിയോടെ അയച്ച ഇ-മെയിലിനെ തുടർന്ന് ഗുരുഗ്രാമിലെ ഫ്ലാറ്റിൽ ഐ.ടി. ജീവനക്കാരനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മദ് അസ്ലം (30), ഭാര്യ ഫർഹാന (27) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അസ്ലം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. എന്നാൽ മരണങ്ങളുടെ ക്രമവും കൃത്യമായ കാരണവും സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
‘ഞങ്ങൾ ഈ ലോകത്തുനിന്ന് പോകുകയാണ്’ എന്ന സന്ദേശമാണ് അസ്ലം ജോലി സ്ഥാപനത്തിലേക്ക് അയച്ച ഇ-മെയിലിൽ ഉണ്ടായിരുന്നത്. മാതാപിതാക്കളുടെയും ഫ്ലാറ്റ് ഉടമയുടെയും ഫോൺ നമ്പറുകൾ പങ്കുവെച്ച് വിവരം അവരെ അറിയിക്കണമെന്നും ഇ-മെയിലിൽ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഫ്ലാറ്റുടമ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗുരുഗ്രാമിലെ എം3എം മറീനയിലെ ടവർ ഏഴിലുള്ള ഫ്ലാറ്റിലാണ് സംഭവം. അസ്ലമിനെ തൂങ്ങിയ നിലയിലും ഫർഹാനയെ കഴുത്തിൽ പരിക്കേറ്റ നിലയിൽ തറയിൽ കിടക്കുന്നതായും ഫ്ലാറ്റുടമ കണ്ടെത്തി. തുടർന്ന് ബാദ്ഷാപുർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
ഫ്ലാറ്റിനുള്ളിൽ ‘ഞങ്ങൾ ഈ ലോകത്തുനിന്ന് പോകുകയാണ്’ എന്നെഴുതിയ കുറിപ്പും പൊലീസ് കണ്ടെത്തി. ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യൂ’ എന്ന വാക്കുകളും എഴുതിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഫ്ലാറ്റിൽനിന്ന് ലഭിച്ച സന്ദേശങ്ങളും മറ്റ് തെളിവുകളും പൊലീസ് പരിശോധിച്ചുവരികയാണ്.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 103(1) വകുപ്പ് പ്രകാരം കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണങ്ങളുടെ കൃത്യമായ സാഹചര്യം വ്യക്തമാക്കുന്നതിനായി അന്വേഷണം തുടരുകയാണ്.