കാസർകോട്: കോടിയേരി ബാലകൃഷ്ണന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ എം രാഘവൻ പാർട്ടിയിലെ മുഴുവൻ ചുമതലകളും ഒഴിഞ്ഞു. പാർട്ടിയിലെ മുഴുവൻ പദവികളും ഒഴിയുന്നുവെന്ന് കാട്ടി സിപിഎം നേതൃത്വത്തിന് അദ്ദേഹം കത്ത് നൽകി. സിപിഎം വിപുലീകൃത ജില്ലാകമ്മിറ്റി യോഗം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് എം രാഘവൻ പാർടി പദവികൾ ഒഴിഞ്ഞത്.
സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗം, സിഐടിയു ജില്ലാ കമ്മിറ്റി അംഗം, പോഷക സംഘടന ഭാരവാഹിത്വം എന്നിവയാണ് ഒഴിഞ്ഞത്. കോട്ടച്ചേരി സർവീസ് സഹകരണ പ്രസിഡന്റ് സ്ഥാനവും രാജി വെച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് പാർട്ടി വിട്ടതെന്നാണ് സൂചന.
എസ് എഫ് ഐയിലൂടെ പൊതുപ്രവർത്തന രംഗത്ത് വന്ന എം രാഘവൻ മികച്ച സംഘാടകനും വീറുറ്റ പോരാളിയുമാണ്. കാസർകോട് ജില്ലയുടെ വടക്കൻ മേഖലകളിൽ എസ് എഫ് ഐയെ ശക്തിപ്പെടുത്താൻ നിരന്തരം പ്രവർത്തിച്ച നേതാവ് കൂടിയാണ്. നിരവധി പ്രക്ഷോഭങ്ങളിൽ അതിക്രൂരമായ പൊലീസ് മർദ്ദനം ഏറ്റുവാങ്ങിയിട്ടുണ്ട്. നിലവിൽ സിപിഎം കാഞ്ഞങ്ങാട് ഏരിയാ സെന്റർ അംഗം കൂടിയാണ്.
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര - ടൂറിസം മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പിന്നീട് കെ ടി ജലീലിന്റെ സ്റ്റാഫിലും പ്രവർത്തിച്ചിട്ടുണ്ട്. പദവികൾ ഒഴിയാനുള്ള കാരണം 10 ദിവസത്തിനകം വ്യക്തമാക്കുമെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ പറയുന്നത്.
പ്രതികരണത്തിനായി ബന്ധപ്പെട്ടുവെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്.