തിരുവനന്തപുരം :രണ്ട് ശതമാനം ക്ഷാമബത്ത അനുവദിച്ചതിലും യുഡിഎഫ് സർക്കാർ തങ്ങളുടെ സഹജമായ വഞ്ചന വിസ്മയമാണ് കാട്ടിയതെന്ന് എഫ് എസ് ഇ ടി ഒ .
ഓണത്തിന് മുമ്പ് അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്ന രണ്ട് ശതമാനം ക്ഷാമബത്തയാണ് ഇപ്പോൾ അനുവദിച്ചത്. ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം രണ്ട് ശതമാനം വർദ്ധനവ് ഉണ്ടാകുമെങ്കിലും 1/01/ 2026 മുതൽ 30/ 09/ 2026 വരെയുള്ള ഒൻപതു മാസത്തെ കുടിശ്ശിക അനുവദിച്ചിട്ടില്ല. ജീവനക്കാരുടെയും അധ്യാപകരുടെയും സാമ്പത്തിക ആനുകൂല്യങ്ങൾ സംബന്ധിച്ച് ഇതുവരെ പറഞ്ഞു വന്നതും പ്രചരിപ്പിച്ചിരുന്നതുമായ വാദഗതികൾ ആകെ വിഴുങ്ങി കൊണ്ടാണ് ഇപ്രകാരം ഒരു വഞ്ചനാപരമായ സമീപനം യുഡിഎഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ കേരളത്തിനെതിരെ സമാനതകളില്ലാത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടും ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക തീർത്ത് അനുവദിച്ചിട്ടാണ് എൽഡിഎഫ് സർക്കാർ അധികാരമൊഴിഞ്ഞത്. സംസ്ഥാനത്തിന്റെ പ്രതിവർഷ വായ്പാ പരിധിയിൽ ഉൾപ്പെടുത്തുമെന്നതിനാൽ ക്ഷാമബത്തയ്ക്കൊപ്പം അനുവദിക്കാതിരുന്ന പ്രാബല്യത്തിയതിമുതലുള്ള കുടിശ്ശിക സർക്കാർ ഉത്തരവ് നമ്പർ 44/2026 തീയതി 6/ 03 / 2026 പ്രകാരം 8 തുല്യ തവണകളായി നൽകാനും ഉത്തരവാക്കിയിരുന്നു. അതിൽ ആദ്യ ഗഡു നടപ്പ് സാമ്പത്തിക വർഷം തന്നെ അനുവദിക്കാനുള്ള തുകയും ബജറ്റിൽ വകയിരുത്തി. എന്നാൽ ശമ്പള പരിഷ്കരണത്തിനും ക്ഷാമബത്ത കുടിശ്ശികയ്ക്കും വകയിരുത്തിയിരുന്ന അധിക തുക വെട്ടിക്കുറച്ചാണ് യുഡിഎഫ് സർക്കാർ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചത്. സർക്കാരും ജീവനക്കാരും തുടർച്ചയാണെന്നുള്ള യാഥാർത്ഥ്യം വിസ്മരിച്ച് മുൻ സർക്കാർ ഉത്തരവാക്കിയ ക്ഷാമബത്ത കുടിശിക പോലും അനുവദിക്കാൻ തങ്ങൾക്ക് ബാധ്യതയില്ലെന്ന ധിക്കാരപരമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാർ നാളിതുവരെ ഉന്നയിച്ച വിമർശനങ്ങളും നൽകിയ വാഗ്ദാനങ്ങളും അപ്പാടെ കാറ്റിൽ പറത്തിക്കൊണ്ടാണ് ഇപ്പോൾ അനുവദിച്ച രണ്ടു ശതമാനം ക്ഷാമബത്തയുടെ കുടിശ്ശികയും നിഷേധിച്ചിരിക്കുന്നത്. വഞ്ചനാപരമായ നിലപാട് തിരുത്തി മുൻ സർക്കാർ ഉത്തരവാക്കിയ ക്ഷാമബത്തയുടെയും ഇപ്പോൾ അനുവദിച്ച രണ്ടു ശതമാനത്തിനും കുടിശ്ശിക ലഭ്യമാക്കാൻ തയ്യാറാകണമെന്ന് എഫ് എസ് ഇ ടി ഒ പ്രസിഡൻ്റ് ടി കെ എ ഷാഫിയും ജനറൽ സെക്രട്ടറി എം വി ശശിധരനും ആവശ്യപ്പെട്ടു.