വാഷിങ്ടൺ: ചാറ്റ്ജിപിടി കുട്ടികളെ ദോഷകരമായി ബാധിക്കുന്നുവെന്നും മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോപിച്ച് ഓപ്പൺഎഐക്കെതിരെ എട്ട് അമേരിക്കൻ സംസ്ഥാനങ്ങൾ കോടതിയിൽ കേസ് നൽകി. ചാറ്റ്ജിപിടിയുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് കമ്പനി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നും കുട്ടികളുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയെന്നും സംസ്ഥാനങ്ങൾ ആരോപിക്കുന്നു.
അരിസോണ, അർക്കൻസാസ്, ഐഡഹോ, അയോവ, കൻസാസ്, മൊണ്ടാന, നെബ്രാസ്ക, വെസ്റ്റ് വെർജീനിയ എന്നീ സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാരാണ് കേസുകൾ ഫയൽ ചെയ്തത്. ചാറ്റ്ജിപിടി അപകടകരമായ നിർദേശങ്ങൾ നൽകുകയും ചില സാഹചര്യങ്ങളിൽ ഹാനികരമായ പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പരാതികളിലെ പ്രധാന ആരോപണം.
കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ നിയമവിരുദ്ധമായി ശേഖരിച്ചുവെന്നും ചാറ്റ്ബോട്ടിന്റെ ചില സവിശേഷതകൾ അമിതമായ ഉപയോഗത്തിനും വൈകാരിക ആശ്രിതത്വത്തിനും വഴിയൊരുക്കുന്നുവെന്നും സംസ്ഥാനങ്ങൾ ആരോപിക്കുന്നു. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കമ്പനിയുടെ നടപടികൾ പര്യാപ്തമല്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതൽ ശക്തമായ പ്രായപരിശോധന, രക്ഷിതാക്കൾക്കുള്ള നിയന്ത്രണ സംവിധാനങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങളുടെ സ്വതന്ത്ര പരിശോധന എന്നിവ നടപ്പാക്കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. നിയമലംഘനങ്ങൾക്ക് സാമ്പത്തിക പിഴ ചുമത്തണമെന്നും ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ചാറ്റ്ജിപിടിയിൽ പ്രായത്തിനനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങളും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നിലവിലുണ്ടെന്നാണ് ഓപ്പൺഎഐയുടെ നിലപാട്. സുരക്ഷാ സംവിധാനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തിവരികയാണെന്നും കമ്പനി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.