കുവൈത്ത് സിറ്റി: കുവൈത്തിൽ അന്തരീക്ഷ ഈർപ്പം വർധിക്കുന്നതിനൊപ്പം മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും ശക്തമാകുന്നു. തീരപ്രദേശങ്ങളിൽ ഈർപ്പത്തിന്റെ സാന്നിധ്യം കൂടുതലായിരിക്കുമെന്നും വൈകുന്നേരങ്ങളിലും രാത്രിയിലും ചില മേഖലകളിൽ നേർത്ത മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഒക്ടോബർ 17 ശനിയാഴ്ച പകൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നാണ് പ്രവചനം. മണിക്കൂറിൽ 8 മുതൽ 28 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്.
രാത്രിയിൽ ചൂടിന് നേരിയ കുറവുണ്ടാകുമെങ്കിലും തീരപ്രദേശങ്ങളിൽ ഈർപ്പം തുടരും. മണിക്കൂറിൽ 6 മുതൽ 22 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാം. ചിലയിടങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നത് വാഹനയാത്രക്കാരുടെ കാഴ്ചപരിധിയെ ബാധിച്ചേക്കും.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പരിഗണിച്ച് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളും അലർജിയും അനുഭവപ്പെടുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധൻ ആദിൽ റമദാൻ നിർദേശിച്ചു. ഇത്തരം ബുദ്ധിമുട്ടുകളുള്ളവർ പുറത്തിറങ്ങുന്നത് കുറയ്ക്കുകയും തണുപ്പുള്ള സ്ഥലങ്ങളിൽ കഴിയുകയും ചെയ്യുന്നതാണ് അഭികാമ്യം.