കുവൈത്ത് സിറ്റി: നീതിന്യായ നടപടികൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയതോടെ കുവൈത്തിൽ നിയമലംഘന കേസുകളിലെ പീനൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ വൻ വർധന. മൂന്ന് മാസത്തിനിടെ 1,32,842 ഇലക്ട്രോണിക് പീനൽ ഉത്തരവുകളാണ് പുറപ്പെടുവിച്ചതെന്ന് നീതിന്യായ മന്ത്രി കൗൺസിലർ നാസർ യൂസഫ് അൽ സുമൈത്ത് അറിയിച്ചു.
ജൂലൈ 12ന് പുതിയ ഇലക്ട്രോണിക് സംവിധാനം പ്രവർത്തനമാരംഭിച്ചതുമുതൽ ഒക്ടോബർ 11 വരെയുള്ള കാലയളവിലാണ് ഇത്രയും ഉത്തരവുകൾ പുറപ്പെടുവിച്ചത്.
2025ലെ സമാന കാലയളവിൽ 17,903 ഉത്തരവുകൾ മാത്രമാണ് പുറപ്പെടുവിച്ചിരുന്നത്. പുതിയ സംവിധാനം നടപ്പാക്കിയതോടെ ഉത്തരവുകളുടെ എണ്ണം ഏഴിരട്ടിയിലധികമായി ഉയർന്നു.
മുൻവർഷം പ്രതിദിനം ശരാശരി 195 ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്ന സ്ഥാനത്ത് പുതിയ സംവിധാനത്തിലൂടെ പ്രതിദിന ശരാശരി 1,444 ഉത്തരവുകളായി ഉയർന്നു. കേസുകൾ തീർപ്പാക്കുന്നതിലെ കാലതാമസം കുറയ്ക്കുന്നതിലും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിലും ഡിജിറ്റൽ സംവിധാനം നിർണായക നേട്ടമുണ്ടാക്കിയതായി മന്ത്രി വ്യക്തമാക്കി.
മൂന്ന് മാസത്തിനിടെ പുറപ്പെടുവിച്ച ഉത്തരവുകളെല്ലാം മുൻകാലങ്ങളിൽ കെട്ടിക്കിടന്ന ഗതാഗത നിയമലംഘന കേസുകളുമായി ബന്ധപ്പെട്ടവയാണ്. 2023ന് മുമ്പുള്ള ഗതാഗത നിയമലംഘനങ്ങൾ ഉൾപ്പെടെ ഏകദേശം 6.83 ലക്ഷം അപേക്ഷകൾ ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക് സംവിധാനത്തിലൂടെ നീതിന്യായ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
പീനൽ ഉത്തരവ് എന്നത് ചെറിയ കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും സംബന്ധിച്ച കേസുകളിൽ പൂർണ വിചാരണ കൂടാതെ നിയമപരമായി അനുവദനീയമായ പിഴശിക്ഷ തീരുമാനിക്കുന്ന സംക്ഷിപ്ത നീതിന്യായ നടപടിയാണ്. ഉത്തരവ് ലഭിക്കുന്ന വ്യക്തിക്ക് നിയമപ്രകാരം അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം നിലനിൽക്കും.
അപേക്ഷകൾ സ്വീകരിക്കുന്നതുമുതൽ പരിശോധിക്കൽ, ഉത്തരവ് തയ്യാറാക്കൽ, അംഗീകരിക്കൽ, ഡിജിറ്റൽ ഒപ്പിടൽ, ബന്ധപ്പെട്ട വ്യക്തികളെ അറിയിക്കൽ തുടങ്ങിയ നടപടികൾ പുതിയ സംവിധാനത്തിലൂടെ നടത്താനാകും.
പേപ്പർ ഫയലുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പഴയ കേസുകളിലെ നടപടികൾ വേഗത്തിലാക്കുന്നതിനും സംവിധാനം സഹായിക്കുന്നുണ്ട്.
നീതിന്യായ മന്ത്രാലയത്തിലെ സാങ്കേതിക-ഭരണ ജീവനക്കാരുടെയും ജഡ്ജിമാരുടെയും സഹകരണത്തോടെയാണ് സംവിധാനം വികസിപ്പിച്ചതെന്നും ഇലക്ട്രോണിക് നീതിന്യായ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും മന്ത്രി നാസർ അൽ സുമൈത്ത് വ്യക്തമാക്കി.