കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പൊതുപണപ്പെരുപ്പ നിരക്കിനെക്കാൾ ഉയർന്ന നിലയിലെത്തിയതായി സാമ്പത്തിക കണക്കുകൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ ഭക്ഷ്യവിലയിൽ ആറു ശതമാനത്തോളം വർധനയുണ്ടായപ്പോൾ രാജ്യത്തെ പൊതുപണപ്പെരുപ്പ നിരക്ക് 2.4 ശതമാനമായിരുന്നു.
കുവൈത്ത് സെൻട്രൽ ബാങ്കിന്റെ കണക്കുകൾ അടിസ്ഥാനമാക്കി സാമ്പത്തിക ഗവേഷണ സ്ഥാപനമായ അൽ ഷാൽ തയ്യാറാക്കിയ വിശകലനത്തിലാണ് ഭക്ഷ്യവിലയിലെ വർധന ചൂണ്ടിക്കാട്ടുന്നത്.
പൊതുപണപ്പെരുപ്പം നിയന്ത്രിതമായ നിലയിൽ തുടരുമ്പോഴും ഭക്ഷ്യവസ്തുക്കളുടെ വില അതിനെക്കാൾ വേഗത്തിൽ ഉയരുന്നത് കുടുംബങ്ങളുടെ ദൈനംദിന ചെലവുകളെ ബാധിക്കുന്ന സാഹചര്യമാണുള്ളത്. കുറഞ്ഞതും ഇടത്തരവുമായ വരുമാനമുള്ള കുടുംബങ്ങൾക്കാണ് ഭക്ഷ്യവില വർധന കൂടുതൽ സാമ്പത്തിക സമ്മർദമുണ്ടാക്കുന്നത്.
ഭക്ഷ്യവിലയിലെ ആറു ശതമാനം വർധന രാജ്യത്തെ പൊതുപണപ്പെരുപ്പ നിരക്കിന്റെ രണ്ടര ഇരട്ടിയാണ്. എല്ലാ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലവർധന ഒരേ തോതിലല്ലെന്നതും ഭക്ഷ്യമേഖലയിലെ വിലക്കയറ്റം പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമാണെന്നതുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഭക്ഷ്യവസ്തുക്കൾക്കായി കുടുംബങ്ങൾ ചെലവഴിക്കുന്ന തുക ഉയരുന്നത് മറ്റ് ആവശ്യങ്ങൾക്കായുള്ള ചെലവിടൽ ശേഷിയെയും ബാധിച്ചേക്കും. പ്രവാസി കുടുംബങ്ങൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കളുടെ ജീവിതച്ചെലവിൽ ഭക്ഷ്യവില പ്രധാന ഘടകമായി തുടരുകയാണ്.