ആലപ്പുഴ/തിരുവനന്തപുരം: നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതിയെ രക്ഷിക്കാൻ ലക്ഷങ്ങൾ വാങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ (ഒന്നാം പ്രതി), റിപ്പോർട്ടർ ചാനൽ ലേഖകൻ മനീഷ് മഹിപാൽ (രണ്ടാം പ്രതി) എന്നിവർക്കെതിരെയാണ് ആലപ്പുഴ സൗത്ത് പോലീസ് ക്രൈം നമ്പർ 0918/2026 ആയി കേസ് രജിസ്റ്റർ ചെയ്തത്.

പൊതുപ്രവർത്തകയും ഭരണഘടനാ പദവി വഹിക്കുന്ന ജനപ്രതിനിധിയുമായ ഡെപ്യൂട്ടി സ്പീക്കറെ സമൂഹമധ്യത്തിൽ മനഃപൂർവ്വം അപകീർത്തിപ്പെടുത്താനും പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങളും കലാപവും ഉണ്ടാക്കാനും ലക്ഷ്യമിട്ടാണ് വ്യാജ വാർത്തകളും പ്രസംഗങ്ങളും ചമച്ചതെന്നാണ് എഫ്.ഐ.ആറിലെ പ്രധാന കണ്ടെത്തൽ.

തിരുവനന്തപുരത്ത് നിയമസഭാ കോംപ്ലക്സിലെ ഡെപ്യൂട്ടി സ്പീക്കറുടെ ഔദ്യോഗിക വസതിയായ 'സ്വാതി'യിൽ നേരിട്ടെത്തിയാണ് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ എ.എസ്.ഐ ദീപാമോൾ ഷാനിമോൾ ഉസ്മാന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിത (BNS), 2023 ലെ സെക്ഷൻ 356(2) (ക്രിമിനൽ അപകീർത്തിപ്പെടുത്തൽ), സെക്ഷൻ 192 (കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കൽ), സെക്ഷൻ 3(5) (കൂട്ടുത്തരവാദിത്തം) എന്നിവയ്ക്ക് പുറമെ കേരള പോലീസ് ആക്ട് 2011-ലെ സെക്ഷൻ 120(o) പ്രകാരവുമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഒക്ടോബർ 15-ന് ഉച്ചയ്ക്ക് ഒരു മണിയോടെ കളക്ടറേറ്റിലേക്ക് നടന്ന പ്രതിഷേധ സമരത്തിനിടെയാണ് ഒന്നാം പ്രതിയായ ജെയിംസ് സാമുവൽ പ്രകോപനപരമായ പ്രസംഗം നടത്തിയത്. ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏക വനിതാ ജനപ്രതിനിധി നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ പ്രതിയെ സഹായിക്കാൻ ഇടപെട്ടുവെന്നും, പ്രതിക്ക് പൂർണ്ണ പിന്തുണയും സംരക്ഷണവും നൽകുന്നുണ്ടെന്നും, ലക്ഷങ്ങൾ വാങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും യാതൊരു തെളിവുമില്ലാതെ പൊതുവേദിയിൽ പ്രസംഗിച്ചു.

യാതൊരു വസ്തുതാ പരിശോധനയുമില്ലാതെ ഈ കാര്യങ്ങൾ മാധ്യമ സ്ഥാപനമായ റിപ്പോർട്ടർ ചാനലിലെ വാർത്താ അവതാരകനായ രണ്ടാം പ്രതി മനീഷ് മഹിപാൽ സ്ഥിരീകരിച്ച് വാർത്തയായി സംപ്രേഷണം ചെയ്യുകയും, നാട്ടിൽ കലാപം ഉണ്ടാക്കണമെന്ന കരുതലോടുകൂടി വ്യാജവാർത്ത സമൂഹമാധ്യമങ്ങളിലും ചാനലിലും വലിയ തോതിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന ഡെപ്യൂട്ടി സ്പീക്കറെ വ്യക്തിഹത്യ ചെയ്യാനും സമൂഹമധ്യത്തിൽ വിലകുറച്ചുകാണിക്കാനും ബോധപൂർവ്വമായ ശ്രമം നടന്നുവെന്ന് എഫ്.ഐ.ആർ സാക്ഷ്യപ്പെടുത്തുന്നു.