തിരുവനന്തപുരം : രാജ്യാന്തര ലഹരിക്കടത്ത് കേസിലെ എട്ടാം പ്രതി ഷോൺ സുനിൽ ബെർട്ടിനെ (Shaun Sunil Bert) യുഎഇയിൽനിന്ന് കേരളത്തിലെത്തിച്ചു. കേരളചരിത്രത്തിൽ ഇതാദ്യമായാണ് ലഹരിക്കേസിലെ പ്രതിയെ വിദേശത്തുനിന്ന് നിയമപരമായ നടപടിക്രമങ്ങളിലൂടെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കുന്നത്.

2023 ജൂലൈ 9-ന് രാത്രി 7 മണിക്ക് തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബുവും സംഘവും തിരുവനന്തപുരം താലൂക്കിലെ ആറ്റിങ്ങൽ വില്ലേജിൽ പുളിമാത്ത് ഭാഗത്തുള്ള നെറ്റ് ജങ്ഷനിൽ നടത്തിയ പരിശോധനയിൽ 155.480 കിലോഗ്രാം കഞ്ചാവും 70.71 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് NDPS Crime No. 19/2023 ആയി കേസ് രജിസ്റ്റർ ചെയ്യുകയും NDPS നിയമത്തിലെ 8(c), 22(c), 20(b)(ii)(C), 25, 27A, 29 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു.

കേസിലെ ആദ്യ നാലു പ്രതികളെ സംഭവസ്ഥലത്തുനിന്നുതന്നെ അറസ്റ്റ് ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ അഞ്ചാം പ്രതി ദീപക് ജോൺസണെ 2023 സെപ്റ്റംബർ 8-ന് രാവിലെ 11.45-നും ആറാം പ്രതി ടിറ്റു ടി.എസ്.-നെ 2023 നവംബർ 13-ന് വൈകിട്ട് 5.15-നും ഏഴാം പ്രതി അജിൻ അച്ചൻകുഞ്ഞിനെ അതേ ദിവസം വൈകിട്ട് 5.30-നും അറസ്റ്റ് ചെയ്തു.

കേസിന്റെ അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ച് സൗത്ത് സോണിന് കൈമാറി. തുടർന്ന്, 2024 ജനുവരി 3-ന് അന്നത്തെ ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ എ. പ്രദീപ് റാവു തിരുവനന്തപുരം സെഷൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു.

കേസിലെ എട്ടാം പ്രതിയായ ഷോൺ സുനിൽ ബെർട്ട് തിരുവനന്തപുരം ആറ്റിപ്ര സ്വദേശിയാണ് . ഇയാൾ വിദേശത്തേക്ക് കടന്ന് ഒളിവിൽ കഴിഞ്ഞതിനെത്തുടർന്ന് കണ്ടെത്തി നിയമനടപടികൾക്കായി ഇന്ത്യയിലെത്തിക്കുന്നതിന് അന്വേഷണസംഘം രാജ്യാന്തര ഏജൻസികളുടെ സഹായം തേടി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB), ഇന്റർപോൾ, അബുദാബിയിലെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ എന്നിവയുമായുള്ള ഏകോപനത്തിലും യുഎഇ അധികൃതരുടെ സഹകരണത്തിലും 2026 ഒക്ടോബർ 16-ന് പ്രതിയെ കേരള എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈമാറി. തുടർന്ന് ഒക്ടോബർ 17-ന് പുലർച്ചെ 4.10-ന് പ്രതിയെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു.

എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു ഐഎഎസിന്റെ നേതൃത്വത്തിൽ, ലോകത്തിന്റെ ഏതു ഭാഗത്ത് ഒളിവിൽ കഴിഞ്ഞാലും ലഹരിക്കടത്ത് പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കുമെന്ന ഓപ്പറേഷൻ തണ്ടറിന്റെ ദൃഢനിശ്ചയത്തിന്റെ നിർണായക ചുവടുവയ്പ്പാണിത്.