കോഫി ഹൗസിലെ ജീവനക്കാരുടെ വേഷം പണ്ടേ മനസ്സിൽ കൗതുകം ഉണർത്താറുണ്ട്. ഇവർക്ക് ഇത് എങ്ങനെ വന്നുപെട്ടു എന്നായിരുന്നു ചിന്ത. ചെറിയ അന്വേഷണത്തിൽ ബ്രിട്ടീഷ് കാലഘട്ടത്തിന്റെ സ്വാധീനം യൂണിഫോമിന്റെ പാരമ്പര്യത്തിൽ ഉണ്ടെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.
ബ്രിട്ടീഷ് ക്ലബ്ബ് സംസ്കാരത്തിന്റെ കൊളോണിയൽ ശേഷിപ്പായ ഈ വസ്ത്രധാരണം തൊഴിലാളികൾക്ക് ആത്മവിശ്വാസം പകരുന്നതാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.
കാലം ഒരുപാട് മാറി. ഈ പാവങ്ങളുടെ വേഷത്തിൽ മാത്രം ഒരു മാറ്റവുമില്ല. വെള്ള ഷർട്ടും പാന്റും നല്ലത് തന്നെയാണ്. ഒരു ചെറിയ തൊപ്പിയും തലമുടി ആഹാരത്തിൽ വീഴാതിരിക്കാൻ ഉപകരിക്കും. പക്ഷേ, നെഞ്ചത്തുള്ള ഈ പടച്ചട്ടയും ബെൽറ്റും രാജാവിനെപ്പോലെയുള്ള ഈ തലപ്പാവും ഒഴിവാക്കിയാൽ നന്നായിരുന്നു.
എന്തായാലും പുതിയ കാലത്ത് "ഒരു ചായയും വടയും രാജാവേ" എന്ന പരിഹാസത്തിന് ഇവർ പലപ്പോഴും പാത്രമാവാറുണ്ട്.
സ: എ. കെ. ജി.യുടെ കാലത്ത് തൊഴിലാളികളാൽ നടത്തപ്പെടുന്ന സഹകരണ പ്രസ്ഥാനം എന്ന നിലയിലേക്ക് ഇന്ത്യൻ കോഫി ഹൗസുകളെ ഉയർത്തിയെങ്കിലും വസ്ത്രധാരണത്തിൽ മാറ്റമുണ്ടായില്ല.
തൊഴിലാളിയെ രാജാവിനോളം ഉയർത്തുക എന്ന ലക്ഷ്യമായിരുന്നെങ്കിൽ യൂണിഫോമിൽ ശുചീകരണ ജോലിക്കാർക്ക് വെള്ള ഷർട്ടും വെള്ള പാന്റ്സും വെള്ള തൊപ്പിയും, ബെയറർമാർക്ക് പച്ച ബെൽറ്റും പച്ചപ്പട്ടയുള്ള തലപ്പാവും, ഉയർന്ന പദവികളിലുള്ള ബെയറർമാർക്ക് ചുവന്ന പട്ടയും സ്വർണനിറത്തിലുള്ള അലങ്കാരവുമുള്ള തലപ്പാവും എന്ന തരത്തിലുള്ള തിരിവുകളും വിവേചനവും വരാൻ തരമില്ലല്ലോ!
അടിസ്ഥാനം കൊളോണിയൽ ആണെങ്കിലും ദേശീയമാണെങ്കിലും ഒരു കാര്യം അപരിഷ്കൃതവും ആത്മാഭിമാനത്തിന് നിരക്കാത്തതുമാണെങ്കിൽ മാറുക തന്നെ വേണം.
ജീവിതത്തിൽ ഓരോരുത്തരും ജീവിക്കാൻ വേണ്ടി ഓരോ വേഷങ്ങൾ കെട്ടാറുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷേ, കാലത്തിനനുസരിച്ച് ഇവയിലൊക്കെ മാറ്റം വരുത്താറുണ്ട്. ഈ വേഷവും പരിഷ്കരിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.