Rahul Humble Sanal

പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ശങ്കർ മഹാദേവൻ തന്റെ ഏറെക്കാലത്തെ ആഗ്രഹമായ റസ്റ്റോ-കഫേ സംരംഭം ഡൽഹിയിലെത്തിച്ചിരിക്കുന്നു.

ദക്ഷിണേന്ത്യൻ രുചികളുടെ വൈവിധ്യവും നൊസ്റ്റാൾജിയയും നിറഞ്ഞുനിൽക്കുന്ന 'മാൽഗുടി സൗത്ത് ഇന്ത്യൻ റെസ്റ്റോ-കഫേ' (Malgudi South Indian Resto-Cafe) ഡൽഹിയിലെ പ്രമുഖ നഗരപ്രദേശമായ രാജൗരി ഗാർഡനിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

സംഗീതം പോലെതന്നെ പാചകവും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും, അതുകൊണ്ടുതന്നെ നല്ലൊരു റസ്റ്റോ-കഫേ തുടങ്ങുക എന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്നമായിരുന്നുവെന്നും ശങ്കർ മഹാദേവൻ വ്യക്തമാക്കുന്നു.

​തനിക്ക് പാചകത്തോടുള്ള അഭിനിവേശം തിരിച്ചറിഞ്ഞ സംരംഭകനായ കെ.എസ്. രാമകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയാണ് ഈ ആശയത്തിന് വലിയൊരു വ്യാപ്തി നൽകിയതെന്ന് ശങ്കർ മഹാദേവൻ പറയുന്നു.

താൻ ഒരു റെസ്റ്റോ-കഫേ തുടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് സുഹൃത്തായ രാമകൃഷ്ണനോട് പറഞ്ഞപ്പോൾ, "വെറുതെ ഒരെണ്ണം കൊണ്ട് നിർത്തേണ്ട, നമുക്ക് ഒന്നിച്ച് 100 എണ്ണം തുടങ്ങാം" എന്ന മറുപടിയാണ് ലഭിച്ചതെന്നും അങ്ങനെയാണ് ഈ സംരംഭം യാഥാർത്ഥ്യമായതെന്നും അദ്ദേഹം ഓർക്കുന്നു. ആ ദൗത്യത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഡൽഹിയിലും മാൽഗുടി അതിന്റെ സാന്നിധ്യമറിയിച്ചിരിക്കുന്നത്.

​ചാട്ട് വിഭവങ്ങൾക്കും പരാഠകൾക്കും നോൺ-വെജ് ഭക്ഷണങ്ങൾക്കും പേരുകേട്ട ഡൽഹിയിലെ ജനങ്ങൾക്ക് വ്യത്യസ്തമായ ഒരു സൗത്ത് ഇന്ത്യൻ അനുഭവം സമ്മാനിക്കുകയാണ് മാൽഗുഡിയുടെ ലക്ഷ്യമെന്ന് ശങ്കർ മഹാദേവൻ പറഞ്ഞു.

ഡൽഹിയുടെ ഭക്ഷണസംസ്കാരത്തെ തങ്ങൾ മാറ്റിയെഴുതാൻ ശ്രമിക്കുന്നില്ല, മറിച്ച് അവിടേക്ക് മികച്ച ദക്ഷിണേന്ത്യൻ രുചികൾ കൂടി കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്. ഡൽഹിയിലെ ഉപഭോക്താക്കളിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും, ഇവിടെയുള്ള ഔട്ട്‌ലെറ്റ് രാജ്യത്തെ മറ്റ് പലയിടങ്ങളെക്കാളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​പ്രശസ്ത നോവലിസ്റ്റ് ആർ.കെ. നാരായണിന്റെ സാങ്കൽപ്പിക ഗ്രാമമായ 'മാൽഗുടി'യുടെ പേരിൽ നിന്നാണ് ഈ സംരംഭത്തിന് ആ നാമകരണം ലഭിച്ചത്. ദക്ഷിണേന്ത്യൻ തനിമയൊട്ടും ചോർന്നുപോകാതെ, എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇണങ്ങുന്ന ആധുനിക അന്തരീക്ഷവും ഇന്റീരിയറുമാണ് ഈ റെസ്റ്റോ-കഫേയുടെ പ്രധാന പ്രത്യേകത. ടെറാക്കോട്ട നിറക്കൂട്ടുകൾ, പിച്ചള വിളക്കുകൾ, തേക്ക് തടികൊണ്ടുള്ള മേശകൾ, പരമ്പരാഗത രീതിയിലുള്ള ഊഞ്ഞാലുകൾ എന്നിവ ഇവിടെയെത്തുന്നവർക്ക് പഴയകാല ഗ്രാമീണ നൊസ്റ്റാൾജിയ സമ്മാനിക്കുന്നു.

​സെപ്റ്റംബർ 18-ന് പ്രവർത്തനമാരംഭിച്ച മാൽഗുഡിയുടെ ഔദ്യോഗിക ആഘോഷ ചടങ്ങുകൾ ഒക്ടോബർ 13-ന് നടന്നു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ഭാഗമായി ശങ്കർ മഹാദേവൻ ജീവനക്കാർക്കും അതിഥികൾക്കുമായി തന്റെ പ്രശസ്തമായ ഗാനങ്ങൾ ആലപിക്കുകയും വേദിയിൽ സജീവമാകുകയും ചെയ്തു. പ്രശസ്ത ഗായിക ഹർഷ്‌ദീപ് കൗറും ചടങ്ങിൽ സന്നിഹിതയായിരുന്നു.

'വൊ ലഡ്കി ഹൈ കഹാ', 'ജയ് ഗണേശ' തുടങ്ങിയ ഗാനങ്ങൾ പാടിക്കൊണ്ട് ശങ്കർ മഹാദേവൻ സദസ്സിനെ കയ്യിലെടുത്തു. പാചകവും സംഗീതവും തമ്മിൽ വലിയ സാമ്യതയുണ്ടെന്നും, രണ്ടിനും വലിയ തോതിലുള്ള അഭിനിവേശം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനോടകം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള പ്രമുഖർ ഇവിടെയെത്തി ഭക്ഷണം ആസ്വദിക്കുകയും ഇവിടത്തെ രുചികളെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ടെന്നത് മാൽഗുഡിയുടെ ജനപ്രീതി വർധിപ്പിക്കുന്നു.

​വെങ് പൊങ്കൽ അരൻസിനി (Ven Pongal Arancini), ബിസി ബെലെ ബിബിംബാപ് (Bisi Bele Bibimbap), ഗീ പൊടി തട്ടേ ഇഡ്ഡലി (Ghee Podi Thatte Idli), ഫിൽട്ടർ കാപ്പി പന്ന കോട്ട (Filter Kaapi Panna Cotta) തുടങ്ങി നിരവധി വെറൈറ്റി വിഭവങ്ങളാണ് മാൽഗുഡിയുടെ പ്രധാന ആകർഷണങ്ങൾ.

ഡൽഹി രാജൗരി ഗാർഡനിലെ റിങ് റോഡിലാണ് ഈ പുതിയ റസ്റ്റോ-കഫേ സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യൻ രുചിഭേദങ്ങൾ ഇഷ്ടപ്പെടുന്ന ഡൽഹിക്കാർക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നതിൽ സംശയമില്ല.