കുവൈത്ത് സിറ്റി: സൗദി അറേബ്യയ്ക്കെതിരെ ഹൂതി സായുധസംഘം നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ സ്വീകരിച്ച നിലപാടിനെ കുവൈത്ത് സ്വാഗതം ചെയ്തു. സൗദി അറേബ്യയുടെ സുരക്ഷ കുവൈത്തിന്റെയും മുഴുവൻ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെയും സുരക്ഷയിൽ നിന്ന് വേർതിരിക്കാനാവാത്തതാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സൗദിയിലെ സാധാരണക്കാരെയും ജനവാസമേഖലകളെയും പ്രധാന അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിടുന്ന ആക്രമണങ്ങളെ അപലപിച്ച സുരക്ഷാ കൗൺസിലിന്റെ അധ്യക്ഷ പ്രസ്താവനയ്ക്കാണ് കുവൈത്ത് പിന്തുണ പ്രഖ്യാപിച്ചത്.

ചെങ്കടലിലെയും ബാബ് അൽ മന്ദബ് കടലിടുക്കിലെയും കപ്പൽഗതാഗത സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആക്രമണങ്ങളെയും സുരക്ഷാ കൗൺസിൽ വിമർശിച്ചു.

അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വന്തം രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ സൗദി അറേബ്യയ്ക്കുള്ള അവകാശത്തിന് കുവൈത്ത് പൂർണ പിന്തുണ അറിയിച്ചു.

2015ലെ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2216 പൂർണമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് എടുത്തുപറഞ്ഞു. ഹൂതി സായുധസംഘത്തിന് ആയുധങ്ങളും സാമ്പത്തികസഹായവും സൈനിക പിന്തുണയും ലഭിക്കുന്നത് തടയണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

സൗദിയുടെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന നടപടികൾക്ക് കുവൈത്ത് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഗൾഫ് മേഖലയിൽ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തേണ്ട സാഹചര്യത്തിലാണ് കുവൈത്തിന്റെ നിലപാട്.

സൗദിക്കെതിരായ ആക്രമണങ്ങൾ ഒരു രാജ്യത്തിന്റെ മാത്രം സുരക്ഷാപ്രശ്നമല്ലെന്നും ഗൾഫ് മേഖലയുടെയും അന്താരാഷ്ട്ര സമുദ്രഗതാഗതത്തിന്റെയും സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നുമാണ് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.