കുവൈത്ത് സിറ്റി: സബാഹ് അൽ അഹ്മദ് പ്രകൃതി സംരക്ഷിത മേഖലയിലേക്ക് അനധികൃതമായി പ്രവേശിച്ച് വേട്ട നടത്താൻ ശ്രമിച്ച രണ്ടുപേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലാണ് ഇരുവരും സംരക്ഷിത മേഖലയിലേക്ക് കടന്നത്.

സംരക്ഷിത മേഖലയുടെ സുരക്ഷാ വിഭാഗം സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിച്ചു. തുടർന്ന് എമർജൻസി പോലീസ് വിഭാഗവും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് രക്ഷപ്പെട്ട പ്രതികളെ പിടികൂടിയത്.

ഇരുവരും മുമ്പും സംരക്ഷിത മേഖലയിലേക്ക് അനധികൃതമായി കടന്നിരുന്നവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പരിസ്ഥിതി പോലീസ് രേഖപ്പെടുത്തി. പ്രതികളെ തുടർനിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.

വേട്ടയ്ക്കായി ഉപയോഗിച്ച ഉപകരണങ്ങളും വാഹനവും പിടിച്ചെടുത്ത അധികൃതർ വാഹനം യന്ത്രസഹായത്തോടെ തകർത്തു നശിപ്പിച്ചു.

കുവൈത്തിലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 105-ാം വകുപ്പുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് 150-ാം വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവോ 500 മുതൽ 5,000 കുവൈത്ത് ദിനാർ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. നിയമലംഘനത്തിന് ഉപയോഗിച്ച വാഹനവും വേട്ടോപകരണങ്ങളും കണ്ടുകെട്ടുന്നതിനും വ്യവസ്ഥയുണ്ട്.

അനുമതിയില്ലാതെ പ്രകൃതി സംരക്ഷിത മേഖലകളിൽ പ്രവേശിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.