എം എസ് സനിൽ കുമാർ

തിരുവനന്തപുരം : സെർവിക്കൽ കാൻസറിന്റെ (ഗർഭാശയമുഖ അർബുദം) പ്രാരംഭ ലക്ഷണങ്ങൾ രക്തസാമ്പിളിലൂടെ കണ്ടെത്താൻ കഴിയുന്ന ഓട്ടോമേറ്റഡ് രോഗനിർണയ ഉപകരണം വികസിപ്പിക്കുന്നതിനായി തിരുവനന്തപുരം BRIC–രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ (BRIC-RGCB) ഗവേഷകർക്ക് ഏഴ് കോടി രൂപയുടെ ഗ്രാന്റ് ലഭിച്ചു.

രക്തസാമ്പിൾ ഉപയോഗിച്ച് രോഗം നേരത്തേ കണ്ടെത്താൻ ലക്ഷ്യമിടുന്ന ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലൂടെ, നിലവിൽ ആവശ്യമായി വരുന്ന ശരീരത്തിൽ ഇടപെട്ടുള്ള പരിശോധനകളും പ്രത്യേക സാങ്കേതിക വൈദഗ്ധ്യത്തിന്റെ ആശ്രയവും കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR), ഗേറ്റ്സ് ഫൗണ്ടേഷൻ എന്നിവ സംയുക്തമായി ആരംഭിച്ച മഹാ മെഡ്ടെക് മിഷന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

BRIC-RGCB-യിൽ നടക്കുന്ന ഗവേഷണം ഇൻഡ്‌സിറ്റ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പുമായി സഹകരിച്ചാണ് മുന്നോട്ടുകൊണ്ടുപോകുന്നത്