കുവൈത്ത് സിറ്റി: വിദേശത്ത് താമസിക്കുന്നുവെന്ന കാരണത്താൽ മാത്രം അമ്മയ്ക്ക് മക്കളുടെ സംരക്ഷണാവകാശം നഷ്ടപ്പെടില്ലെന്ന് കുവൈത്ത് അപ്പീൽ കോടതി വിധിച്ചു. വിദേശതാമസം ചൂണ്ടിക്കാട്ടി അമ്മയുടെ സംരക്ഷണാവകാശം റദ്ദാക്കിയ കീഴ്ക്കോടതി വിധി അപ്പീൽ കോടതി റദ്ദാക്കി.
മക്കളുടെ സംരക്ഷണാവകാശം നഷ്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുൻ ഭർത്താവ് നൽകിയ കേസിലാണ് കോടതിയുടെ നിർണായക ഇടപെടൽ.
വിദേശത്ത് താമസിക്കുന്നതിനാൽ മക്കളെ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പാലിക്കാൻ അമ്മയ്ക്ക് കഴിയുന്നില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. ഈ സാഹചര്യം പരിഗണിച്ചാണ് കീഴ്ക്കോടതി നേരത്തെ അമ്മയുടെ സംരക്ഷണാവകാശം റദ്ദാക്കിയത്.
തുടർന്ന് അമ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക അസീൽ അൽ സൈഫിന്റെ നേതൃത്വത്തിലുള്ള പ്രതിഭാഗം വിധിക്കെതിരെ അപ്പീൽ നൽകി.
വിദേശത്ത് താമസിക്കുന്നതോ യാത്ര ചെയ്യുന്നതോ മാത്രം സംരക്ഷണാവകാശം റദ്ദാക്കാനുള്ള മതിയായ നിയമപരമായ കാരണമല്ലെന്ന് അപ്പീൽ കോടതി വ്യക്തമാക്കി.
അമ്മയുടെ വിദേശതാമസം കുട്ടികളുടെ ക്ഷേമത്തിന് ദോഷകരമാണെന്നോ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ ലംഘിച്ചെന്നോ വ്യക്തമായി തെളിയിക്കപ്പെടേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മക്കളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമാണ് ഇത്തരം കേസുകളിൽ പ്രധാന പരിഗണന നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി. അമ്മയിൽ നിന്ന് സംരക്ഷണാവകാശം മാറ്റണമെന്ന മുൻ ഭർത്താവിന്റെ ആവശ്യം തള്ളിയ കോടതി സംരക്ഷണാവകാശം അമ്മയ്ക്ക് തന്നെ നിലനിർത്തി.
പ്രവാസികളുമായി ബന്ധപ്പെട്ട കുടുംബനിയമ തർക്കങ്ങളിലും മക്കളുടെ സംരക്ഷണാവകാശം നിർണയിക്കുന്ന കേസുകളിലും പ്രാധാന്യമുള്ള വിധിയാണിത്. വിദേശത്ത് താമസിക്കുന്ന എല്ലാ മാതാപിതാക്കൾക്കും സ്വമേധയാ ഒരേ നിയമപരിരക്ഷ ലഭിക്കുമെന്നല്ല, കുട്ടികളുടെ ക്ഷേമവും കേസിന്റെ സാഹചര്യങ്ങളും പരിഗണിച്ചാണ് തീരുമാനമെന്നതും വിധിയിൽ വ്യക്തമാകുന്നു.