ദുബായ്: യുഎഇയിൽ നടന്ന രാജ്യാന്തര ഫ്രീസ്റ്റൈൽ സ്കീയിങ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനവുമായി കുവൈത്ത് ദേശീയ ടീം ആറു മെഡലുകൾ സ്വന്തമാക്കി. മൂന്ന് സ്വർണവും മൂന്ന് വെള്ളിയും നേടിയാണ് കുവൈത്ത് താരങ്ങൾ രാജ്യത്തിന് അഭിമാനമായ നേട്ടം സമ്മാനിച്ചത്.
ദുബായിൽ അന്താരാഷ്ട്ര സ്കീ ആൻഡ് സ്നോബോർഡ് ഫെഡറേഷന്റെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച UAE Freestyle Freeski FIS ചാമ്പ്യൻഷിപ്പിലാണ് കുവൈത്തിന്റെ നേട്ടം. മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങൾ ഒക്ടോബർ 16 വെള്ളിയാഴ്ച സമാപിച്ചു.
കുവൈത്ത് താരങ്ങളായ സലീൽ അൽ അബ്ദുല്ലയും സഫാ അൽ അബ്ദുല്ലയുമാണ് മെഡലുകൾ സ്വന്തമാക്കിയത്. സ്റ്റൈൽ വിഭാഗത്തിൽ രണ്ട് സ്വർണവും രണ്ട് വെള്ളിയും നേടിയ ഇവർ സ്ട്രീറ്റ് സ്റ്റൈൽ വിഭാഗത്തിൽ ഒരു സ്വർണവും ഒരു വെള്ളിയും കൂടി സ്വന്തമാക്കി.
ഫ്രാൻസ്, ഇറാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുത്ത വനിതാ വിഭാഗത്തിൽ കടുത്ത മത്സരമാണ് നടന്നത്. ദേശീയ പരിശീലകൻ അബ്ദുൽറഹ്മാൻ അൽ വുഹൈബിയുടെ പരിശീലനവും മാർഗനിർദേശവും വിജയത്തിൽ നിർണായകമായതായി സഫാ അൽ അബ്ദുല്ല വ്യക്തമാക്കി.
കുവൈത്ത് വിന്റർ ഗെയിംസ് ക്ലബ്ബിന്റെയും യുവജന-കായിക അതോറിറ്റിയുടെയും പിന്തുണയ്ക്കും അവർ നന്ദി അറിയിച്ചു. വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിജയം പ്രചോദനമാകുമെന്നും സഫാ പറഞ്ഞു.