കുവൈത്ത് സിറ്റി: അമേരിക്കൻ നാവികസേനയുടെ സെൻട്രൽ കമാൻഡിന്റെയും അഞ്ചാം കപ്പൽപ്പടയുടെയും കമാൻഡർ വൈസ് അഡ്മിറൽ കർട്ട് എ. റെൻഷോയുമായി കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് കൂടിക്കാഴ്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണവും നാവിക മേഖലയിലെ ബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. പ്രാദേശിക സുരക്ഷയും സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട സഹകരണത്തിന് പ്രാധാന്യം നൽകുന്നതാണ് കൂടിക്കാഴ്ച.

കുവൈത്ത് സന്ദർശനത്തിനെത്തിയ അമേരിക്കൻ നാവിക കമാൻഡർക്ക് രാജ്യത്തെ ഉന്നതതലത്തിൽ സ്വീകരണം നൽകി. കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹും വൈസ് അഡ്മിറൽ കർട്ട് എ. റെൻഷോയെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധിസംഘത്തെയും സ്വീകരിച്ചു.

കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിൽ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്, കിരീടാവകാശിയുടെ ഓഫീസ് മേധാവി ഷെയ്ഖ് താമിർ ജാബർ അൽ അഹമ്മദ് അൽ സബാഹ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഗൾഫ് മേഖലയിലെ സമുദ്ര സുരക്ഷയ്ക്കും പ്രതിരോധ സഹകരണത്തിനും പ്രാധാന്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്കൻ അഞ്ചാം കപ്പൽപ്പടയുടെ കമാൻഡറുടെ കുവൈത്ത് സന്ദർശനം.