ശബരിമല : ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എ ദാമോദരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. ഞായറാഴ്‌ച രാവിലെ ഏഴരയോടെ സോപാനത്തും മാളികപ്പുറം ക്ഷേത്രത്തിലുമായി നടത്തിയ നറുക്കെടുപ്പിലാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തത്.

തിരുവനന്തപുരം പുളിമൂട് സ്വദേശിയാണ് അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എ ദാമോദരൻ നമ്പൂതിരി കോഴിക്കോട് വടകര സ്വദേശിയാണ്. പയ്യോളി കീഴൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയാണ്.

ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍, ദേവസ്വം കമ്മീഷണര്‍ ബി സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. പന്തളം നാലുകെട്ട് കൊട്ടാരത്തിലെ വി അർജുനൻ്റെയും കോട്ടയം കാരാപ്പുഴ ഇളയകോവിലകത്ത്‌ ശർമദ ആർ വർമയുടെയും മകനായ ദേവനന്ദനാണ് ശബരിമല മേൽശാന്തിയെ നറുക്കെടുത്തത്. തൃപ്പൂണിത്തുറ ലക്ഷ്‌മി വിലാസം പാലസിൽ മൈഥിലിരാജ– രഞ്‌ജിത്ത് രാജൻ ദമ്പതികളുടെ മകൾ അനശ്വരയാണ്‌ മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്.