അബുദാബി: ആരോഗ്യരംഗത്ത് നിർമിതബുദ്ധി, കൃത്യതാധിഷ്ഠിത ചികിത്സ, ജനിതക ഗവേഷണം, പുതിയ ചികിത്സാരീതികൾ എന്നിവ വികസിപ്പിക്കുന്നതിനായി ചൈനയിലെ പ്രമുഖ ആരോഗ്യ-ഗവേഷണ സ്ഥാപനങ്ങളുമായി സഹകരണം വിപുലീകരിച്ച് അബുദാബി ആരോഗ്യവകുപ്പ്.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ചൈനയിലെ സന്ദർശനം പൂർത്തിയാക്കി. ബെയ്ജിങ്, ഷാങ്ഹായ്, ഷെൻഷെൻ എന്നിവിടങ്ങളിലായി 32 യോഗങ്ങളും സ്ഥാപന സന്ദർശനങ്ങളുമാണ് നടത്തിയത്.

ചൈനയിലെ ആരോഗ്യസ്ഥാപനങ്ങൾ, സർവകലാശാലകൾ, ഗവേഷണകേന്ദ്രങ്ങൾ, സാങ്കേതികവിദ്യാ കമ്പനികൾ എന്നിവയുമായാണ് ചർച്ചകൾ നടന്നത്.

ചൈനയുടെ സാങ്കേതിക-നിർമാണ ശേഷിയും അബുദാബിയുടെ ആരോഗ്യരംഗത്തെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും രോഗികളുടെ ആരോഗ്യവിവരങ്ങളുമായി ബന്ധപ്പെട്ട ഗവേഷണശേഷിയും സംയോജിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചു.

പുതിയ ചികിത്സാരീതികളുടെ ഗവേഷണവും വികസനവും വേഗത്തിലാക്കുക, ആരോഗ്യസേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, രോഗനിർണയത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ പ്രയോജനം വിപുലീകരിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ.

ഭാവിയിലെ ആരോഗ്യവെല്ലുവിളികൾ നേരിടാൻ ശാസ്ത്രീയ ഗവേഷണവും ആരോഗ്യരംഗത്തെ രാജ്യാന്തര സഹകരണവും ശക്തിപ്പെടുത്താനാണ് അബുദാബിയുടെ നീക്കം.