വഖഫ് ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെടുമ്പോൾ ജാതിമതഭേദമന്യേ ഒരു നാട് സന്തോഷിക്കുകയാണ് അതിലേറെ അഭിമാനിക്കുകയും ആണ് .

തൊടിയൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും ആത്മീയതയുടെ പടികൾ ഓരോന്നായി ചവിട്ടി ജീവിതത്തിൽ ഉടനീളം സൂക്ഷ്മജീവിതം പുലർത്തി സത്യവിശ്വാസിയായി ............

ഉസ്താദ് പിന്നിട്ട പാതകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ സ്വന്തത്തെ വിചാരണയ്ക്ക് വിധേയമാക്കുമ്പോൾ ജീവിതത്തിൽ ഒരിക്കൽ പോലും പറഞ്ഞ വാക്ക് മാറ്റി പറയേണ്ടതായോ വർത്തമാനം കൊണ്ടോ ജീവിതം കൊണ്ടോ വ്യക്തിക്കോ സമൂഹത്തിനോ അരുതാത്തതൊന്നും ചെയ്യാത്തത്ര ജീവിതം.

കരുനാഗപ്പള്ളിക്ക് പുറത്ത് യാത്ര ചെയ്യുമ്പോൾ വീട് തിരക്കുന്നവരോട് കരുനാഗപ്പള്ളിക്കാരൻ എന്ന മറുപടിയിൽ ഉടനടി തൊടിയൂർ ഉസ്താദിനെ തിരക്കാറുണ്ട്.

കേരളത്തിൽ എമ്പാടും വിശ്വാസി സമൂഹത്തിന്റെ മനസ്സിൽ ആഴത്തിൽ പതിയുവാൻ ഉസ്താദിന് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാം .

പലപ്പോഴും നമ്മുടെ നാട് സംഘർഷഭരിതമായ അന്തരീക്ഷങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടങ്ങളിലൊക്കെ ഉസ്താദ് സമാധാനത്തിന്റെ താരാട്ട് പാട്ട് പാടി ആവേശത്തിന്റെ തിരമാലകളെ അടക്കി നിർത്തുവാൻ ശ്രമിച്ചിട്ടുള്ളത് ഓർക്കുകയാണ്.

ജീവിതത്തിൽ ഉടനീളം മതത്തിന്റെ, വിശ്വാസത്തിന്റെ ആത്മാവ് തിരയുന്ന തിരക്കിലായിരുന്നു ഉസ്താദ്.

ഒരു വിശ്വാസി സമൂഹത്തിന് മാത്രമല്ല എല്ലാ വിഭാഗം ആളുകൾക്കും ഉസ്താദ് പ്രിയപ്പെട്ടവനാണ്.

പല മതങ്ങളിലും പൗരോഹിത്യവും, പണ്ഡിത പട്ടവും, ധന സമ്പാദനങ്ങൾക്കും ചൂഷണങ്ങൾക്കും ചിലരെങ്കിലും ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ സുതാര്യവും-ലളിതവുമായ ജീവിതത്തിലൂടെ, മികച്ച സംഘാടനത്തിലൂടെ, മിതമായ വർത്തമാനത്തിലൂടെ,നല്ല പ്രഭാഷണങ്ങളിലൂടെ ഉസ്താദ് ജീവിക്കുകയാണ്.

കേരളത്തിൽ ഉന്നതമായ രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള വ്യക്തിപരമായ ബന്ധം ഒരിക്കൽപോലും തന്റെ സ്വകാര്യതയ്ക്ക് ഉപയോഗിച്ചിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്താം.

സ്വന്തമായി ഒരു ഇരുചക്രവാഹനം പോലും ഇല്ലാത്ത സാധാരണ ജീവിതം ഈ കാലഘട്ടത്തിൽ നയിക്കുക എന്ന സാഹസികത കൂടിയാണ് ഉസ്താദിന്റെ ജീവിതം.

ഇപ്പോഴും റൂട്ട് ബസ്സുകളിലും, ട്രെയിനുകളിലും, ഓട്ടോറിക്ഷകളിലും ഉസ്താദിനെ കാണാം.

അതും അല്ലെങ്കിൽ മറ്റുള്ളവർ കൊണ്ടുവരുന്ന വാഹനങ്ങളിൽ( ആ വാഹനങ്ങളിൽ പോലും ഉസ്താദ് സൂക്ഷ്മത പുലർത്താറുണ്ട് )

ഹജ്ജ് കമ്മിറ്റി ചെയർമാൻ അടക്കം ഒരുപാട് സ്ഥാനങ്ങളിലും ഒരുപാട് സമ്പന്നരുമായും ഒക്കെ അടുപ്പം ഉണ്ടായിട്ടും ഒരു നാണയ തുട്ടുപോലും ഉസ്താദിന്റെ ശരീരത്തിൽ പറ്റിയിട്ടില്ല.

ഭാരതത്തിന്റെ പൈതൃകമായ ബഹുസ്വരതയ്ക്കും മനുഷ്യാവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റങ്ങൾക്കും സമാധാന അന്തരീക്ഷം തകരുന്ന അവസരങ്ങളിലും നീതി നിഷേധിക്കപ്പെടുന്ന അവസരങ്ങളിലൊക്കെ ഉസ്താദ് പ്രായം മറന്ന് ഒരു പോരാളി ആവാറുണ്ട്.

എന്റെ നാട്ടിലെ പാലോലിക്കുളങ്ങര ജുമാ മസ്ജിദിൽ മാത്രം അരനൂറ്റാണ്ടിലേറെ തിരക്കിട്ട ജീവിതത്തിലും പൗരോഹിത്യം വഹിക്കുന്നു എന്നുള്ളതും അത്ഭുതകരമാണ്.

ദൈവത്തിന്റെ സ്വത്ത് സൂക്ഷിക്കാനുള്ള ചുമതല കടു കട്ടിയായ ഈ കാലത്ത് കറ പുരളാത്ത ഉസ്താദിന്റെ ആത്മീയ ജീവിതം കരുത്തുപകരും.

പിതാവിനെ പോലെ വാത്സല്യം കാണിക്കാറുള്ള തൊടിയൂർ ഉസ്താദിന് ആശംസകൾ.