ചെന്നൈ: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും ചെന്നൈ വിമാനത്താവളത്തിലെ വിമാന സർവീസുകളെ ബാധിച്ചു. 20-ലധികം വിമാനങ്ങൾ വൈകുകയും സർവീസുകളിൽ തടസ്സമുണ്ടാകുകയും ചെയ്തു. കൊൽക്കത്തയിൽനിന്ന് 184 യാത്രക്കാരുമായി എത്തിയ ഇൻഡിഗോ വിമാനം ചെന്നൈയിൽ ഇറങ്ങാനാകാതെ ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു.

ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, മധുര, തിരുച്ചി, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽനിന്നെത്തിയ പത്തിലധികം വിമാനങ്ങൾ ഇറങ്ങുന്നതിന് മുമ്പ് ദീർഘനേരം ആകാശത്ത് വട്ടമിട്ട് പറക്കേണ്ടിവന്നു. മഴ കുറഞ്ഞതോടെ വിമാനങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി ചെന്നൈയിൽ ഇറങ്ങി.

അതേസമയം, ചെന്നൈയിൽനിന്ന് പുറപ്പെടേണ്ട 12 വിമാന സർവീസുകളും വൈകി. മധുര, കൊച്ചി, മുംബൈ, ബെംഗളൂരു, പൂനെ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര സർവീസുകൾ ഒന്നുമുതൽ രണ്ടുമണിക്കൂർ വരെ വൈകി.

സിംഗപ്പൂർ, ക്വാലാലംപൂർ, ശ്രീലങ്ക, ഫ്രാങ്ക്ഫർട്ട്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകളും വൈകിയതായി അധികൃതർ അറിയിച്ചു.