ദുബായ്: ഡ്രൈവിങ് പരിശീലനമോ പരീക്ഷയോ ഇല്ലാതെ വിദേശ ഡ്രൈവിങ് ലൈസൻസ് സംഘടിപ്പിച്ച് യുഎഇ ലൈസൻസാക്കി മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ എട്ടംഗ സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.
ഓരോ ലൈസൻസിനും 10,000 ദിർഹമാണ് സംഘം ഈടാക്കിയിരുന്നത്. വിദേശ രാജ്യങ്ങളിൽനിന്ന് ലഭിക്കുന്ന ചില ഡ്രൈവിങ് ലൈസൻസുകൾ നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി യുഎഇ ലൈസൻസാക്കി മാറ്റാൻ നിലവിലുള്ള രാജ്യാന്തര കരാറുകളെയാണ് പ്രതികൾ ദുരുപയോഗം ചെയ്തത്.
ലൈസൻസ് ആവശ്യപ്പെട്ട വ്യക്തികൾ ബന്ധപ്പെട്ട വിദേശരാജ്യത്ത് നേരിട്ട് സന്ദർശനം നടത്തുകയോ നിർബന്ധിത പരിശീലനത്തിൽ പങ്കെടുക്കുകയോ ഡ്രൈവിങ് പരീക്ഷ വിജയിക്കുകയോ ചെയ്തിരുന്നില്ല.
എന്നാൽ നിയമാനുസൃതമായി ലഭിച്ചതാണെന്ന് തോന്നിപ്പിക്കുന്ന വിദേശ ലൈസൻസുകൾ ഇവർക്കായി സംഘടിപ്പിക്കുകയായിരുന്നു സംഘത്തിന്റെ പ്രവർത്തനരീതി.
സംശയാസ്പദമായ ഇടപാടുകൾ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ദുബായ് പോലീസ് സംഘത്തെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ നടപടികളിലൂടെ എട്ടുപേരെയും പിടികൂടി.
നിയമവിരുദ്ധമായി ഡ്രൈവിങ് ലൈസൻസ് സംഘടിപ്പിക്കുന്നതും ഇത്തരം സേവനങ്ങൾക്കായി പണം നൽകുന്നതും ഗുരുതരമായ നിയമലംഘനമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
തട്ടിപ്പിൽ പങ്കാളികളാകുന്ന ഇടനിലക്കാർക്കൊപ്പം നിയമവിരുദ്ധ മാർഗത്തിലൂടെ ലൈസൻസ് സ്വന്തമാക്കുന്നവർക്കും ക്രിമിനൽ ഉത്തരവാദിത്തം നേരിടേണ്ടിവരും.
റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം തട്ടിപ്പുകൾ തടയാൻ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.