ദുബായ്: ദുബായ് വിമാനത്താവളങ്ങളുടെ ഭാവി വികസന പദ്ധതികൾക്ക് ആവശ്യമായ ഊർജസൗകര്യങ്ങളും സുസ്ഥിര അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും ദുബായ് എയർപോർട്സും സഹകരണം ശക്തമാക്കുന്നു.
ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി വൈസ് ചെയർമാനും ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സഈദ് മുഹമ്മദ് അൽ തായറും ദുബായ് എയർപോർട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പോൾ ഗ്രിഫിത്സും നടത്തിയ ചർച്ചയിലാണ് വിവിധ വികസനപദ്ധതികൾ വിലയിരുത്തിയത്.
പുതിയ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളവും ഭാവി വിപുലീകരണ പദ്ധതികളും ദുബായുടെ ഊർജവികസന പദ്ധതികളിൽ നിർണായക സ്ഥാനമാണ് വഹിക്കുന്നത്.
വിമാനത്താവളങ്ങളിലെ ഊർജ ഉപഭോഗം കാര്യക്ഷമമാക്കുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക, ശുദ്ധമായ ഊർജസ്രോതസ്സുകൾ കൂടുതൽ പ്രയോജനപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടു.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ നിലവിലെ ഉൽപ്പാദനശേഷി 4,660 മെഗാവാട്ടിലെത്തിയിട്ടുണ്ട്. 2030ഓടെ ശേഷി 8,000 മെഗാവാട്ടിലധികമായി ഉയർത്താനാണ് ലക്ഷ്യം.
ദുബായുടെ 2050ലെ ശുദ്ധ ഊർജ ലക്ഷ്യവുമായി വിമാനത്താവള വികസന പദ്ധതികളെ ബന്ധിപ്പിക്കുന്നതിനും ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ സഹകരണം പ്രാധാന്യം നൽകുന്നത്.